വിധി വഴിമാറുന്നു , സ്റ്റെം സെല്‍ തെറാപ്പിയിലൂടെ രമ്യക്കിതാ പുതു ജീവിതം
കൊച്ചി: അടുത്തകാലം വരെ, ജനനസമയത്തെ തലച്ചോറിന്റെ ക്ഷതം ഭേദപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സ്റ്റെം സെല്‍ തെറാപ്പികൊണ്ട് തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന് കൊച്ചി സ്വദേശിയും സെറിബ്രല്‍ പാള്‍സി രോഗബാധിതയുമായ രമ്യാ വി പ്രഭുവിന്റെ ജീവിതം പറയുന്നു.
പ്രസവ സമയത്ത് എല്ലാം സാധാരണ നിലയിലായിരുന്ന രമ്യ ജനിച്ച് മൂന്നാം നാള്‍ കടുത്ത മഞ്ഞപ്പിത്തം ബാധിച്ചു. തുടര്‍ന്ന് വളര്‍ച്ച മുരടിച്ചു. കൈകാലുകള്‍ പ്രവര്‍ത്തനരഹിതമായി. നിരവധി ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഓറല്‍ മോട്ടോര്‍ കണ്‍ട്രോള്‍ വികസിച്ചിരുന്നില്ല. സംസാരവും അവ്യക്തമായി. ശരാശരി ആയിരുന്നു ശ്രദ്ധയും ഏകാഗ്രതയും. ദൈനംദിന കാര്യങ്ങള്‍ക്കും ആരെയെങ്കിലും ആശ്രയിക്കേണ്ടിയും വന്നു.
ഭക്ഷണം എടുത്തു കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി ആരെങ്കിലും സ്പര്‍ശിക്കുകയോ ഉച്ചത്തില്‍ ശബ്ദിക്കുകയോ ചെയ്താല്‍ രമ്യ ഭയന്നു വിറച്ചു. അത് ചുഴലിയിലേക്ക് നയിക്കുമായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
2016 ഓഗസ്റ്റ് മുതലാണ് രമ്യ സ്റ്റെം സെല്‍ തെറാപ്പിക്ക് വിധേയയായത്. അവള്‍ക്കുവേണ്ടി മാത്രം ഒരു പുനരധിവാസ പ്രോഗ്രാം ചിട്ടപ്പെടുത്തി. ആശുപത്രി വിട്ട ശേഷവും ന്യൂറോജെനില്‍ പഠിപ്പിച്ച ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും തുടര്‍ന്നു.
ഇതോടെ വലിയ മാറ്റമാണ് രമ്യയുടെ ജീവിതത്തില്‍ പ്രകടമായത്. ഇപ്പോള്‍ പരസഹായമില്ലാതെ നടക്കുന്നു. പടിക്കെട്ടുകള്‍ കയറുന്നു. വ്യക്തമായി സംസാരിക്കുന്നു. പാട്ടുപാടാനും കഴിയുന്നുവെന്നും മാതാപിതാക്കളായ വിദ്യാധര പ്രഭുവും സന്ധ്യാ പ്രഭുവും പറയുന്നു.
പെരുമാറ്റ പ്രശ്‌നങ്ങളും മെച്ചപ്പെട്ടു. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മന്ദഗതിയിലായ മാനസിക വളര്‍ച്ച തുടങ്ങിയ രോഗാവസ്ഥകള്‍ക്കുള്ള പുതിയ ചികിത്സാ മാര്‍ഗമായി ഉയര്‍ന്നു വരികയാണ് സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളര്‍, സ്ട്രക്ചറല്‍, ഫങ്ഷണല്‍ തലത്തില്‍ കേടായ തലച്ചോറിലെ കോശങ്ങളെ ഭേദപ്പെടുത്താനുള്ള കഴിവ് ഈ ചികിത്സയ്ക്ക് ഉണ്ടെന്ന് ന്യൂറോജെന്‍ ബ്രെയ്ന്‍ ആന്‍ഡ് സ്‌പൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായ ഡോ. അലോക് ശര്‍മ പറഞ്ഞു. ലളിതവും സുരക്ഷിതവുമാണ് ഈ തെറാപ്പിയെന്ന് ഇതേ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
ആയിരത്തില്‍ ഏതാണ്ട് ഒന്നു മുതല്‍ മൂന്നു വരെ കുട്ടികള്‍ക്ക് സെറിബ്രല്‍ പാള്‍സി ഉണ്ടാകാറുണ്ട്. എന്നാല്‍ കുറഞ്ഞ ശരീരഭാരത്തില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക് ഇത് സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഡോ. നന്ദിനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."