കുട്ടികളില്‍നിന്ന് പിഴ ഈടാക്കരുതെന്ന് റെയില്‍വേയോട് ബാലാവകാശ കമ്മിഷന്‍
തിരുവനന്തപുരം:പതിനെട്ടു വയസ് പൂര്‍ത്തിയാകാത്ത കുട്ടി നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ റെയില്‍വേ പൊലിസോ പരിശോധകരോ പിഴ ഈടാക്കരുതെന്ന് സംസ്ഥാന ബാലവകാശ കമ്മിഷന്‍. നിയമലംഘനം നടത്തിയതായി ബോധ്യമുണ്ടെങ്കില്‍ അവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കുകയാണ് വേണ്ടതെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
കുട്ടികളെ റെയില്‍വേ കോടതികളില്‍ ഹാജരാക്കി റിപ്പോര്‍ട്ട് നല്‍കരുതെന്നും കമ്മിഷന്‍ അംഗം കെ. നസീര്‍ നിര്‍ദേശിച്ചു. വൈകി സര്‍വിസ് നടത്തുന്ന ട്രെയിനുകളില്‍ കയറുന്ന കുട്ടികളില്‍നിന്ന് പൊലിസ് പിഴ ഈടാക്കുന്നെന്ന വാര്‍ത്തകളെത്തുടര്‍ന്ന് കമ്മിഷന്‍ സ്വമേധയാ കൈക്കൊണ്ട നടപടിയിലാണ് തീരുമാനം.
കുട്ടികളുമായി ബന്ധപ്പെട്ട ഏതു നിയമലംഘനത്തിനും 2015ലെ ബാലനീതി നിയമപ്രകാരമല്ലാതെ നടപടി സ്വീകരിക്കാന്‍ അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉത്തരവ് പുറപ്പെടുവിക്കാനും സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനുളളില്‍ കമ്മിഷനെ അറിയിക്കാനും തിരുവനന്തപുരം, പാലക്കാട് റെയില്‍വേ ഡിവിഷനല്‍ മാനേജര്‍മാരോട് കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."