ചൈനീസ് നിക്ഷേപത്തിനെതിരേ ശ്രീലങ്കയില്‍ പ്രക്ഷോഭം
കൊളംബൊ: തന്ത്രപ്രധാനമായ ഹംബണ്‍ട്ടോട്ട തുറമുഖം 99 വര്‍ഷത്തേക്ക് ചൈനീസ് കമ്പനിക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനത്തിനെതിരേ ശ്രീലങ്കയില്‍ പ്രക്ഷോഭം. 88 ശതമാനം ഓഹരി പങ്കാളിത്തത്തോടെയാണ് ചൈനീസ് കമ്പനിക്ക് ഫാക്ടറി നിര്‍മിക്കാന്‍ തുറമുഖം വിട്ടുനല്‍കുന്നത്. പ്രക്ഷോഭകര്‍ക്കെതിരായ പൊലിസ് നടപടിയില്‍ 21 പേര്‍ക്ക് പരുക്കേറ്റു.
പ്രത്യേക വ്യാവസായിക മേഖലയായി പ്രഖ്യാപിച്ച ഇവിടെ ഫാക്ടറികള്‍ ആരംഭിക്കാന്‍ ചൈനീസ് കമ്പനി നിക്ഷേപകരെ ക്ഷണിച്ചിരുന്നു. പകരം ഭൂമിനല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രദേശവാസികള്‍ ഇതിനെതിരേ രംഗത്തെത്തുകയായിരുന്നു. ഏഷ്യയിലേക്കും മധ്യപൗരസ്ത്യദേശത്തേക്കും സമുദ്രമാര്‍ഗം ചൈനക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ് നിക്ഷേപത്തിനായി തുറന്നുകൊടുത്ത ഹംബണ്‍ട്ടോട്ട തുറമുഖം. തുറമുഖത്തിന്റെ 20 ശതമാനത്തോളം മേഖലയാണ് ചൈനീസ് നിയന്ത്രണത്തിലാവുക. മേഖലയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കുന്നത് അമേരിക്കയെയും ചൊടിപ്പിച്ചിട്ടുണ്ട്.
ശ്രീലങ്കയില്‍ പശ്ചാത്തല വികസനരംഗത്തെ ചൈനയുടെ പുത്തന്‍ നിക്ഷേപ പദ്ധതിയാണിത്. 26 വര്‍ഷത്തെ ആഭ്യന്തര കലാപം 2009ല്‍ അവസാനിച്ചശേഷം വന്‍ നിക്ഷേപമാണ് ചൈനീസ് കമ്പനികള്‍ ശ്രീലങ്കയില്‍ നടത്തുന്നത്.
തെക്കന്‍ ഏഷ്യയില്‍ സാന്നിധ്യം ശക്തമാക്കാനും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെമേല്‍ അധീശത്വം നേടാനുമാണ് ചൈന ശ്രമിച്ചുവരുന്നത്. ഇന്ത്യ ഏറെ സംശയത്തോടെയാണ് ശ്രീലങ്കയിലുള്ള ചൈനീസ് സാന്നിധ്യത്തെ നോക്കിക്കാണുന്നത്. ശ്രീലങ്കയില്‍ സ്വാധീനം ശക്തമാക്കുന്നതിലൂടെ എണ്ണ സമ്പന്നമായ മധ്യപൗരസ്ത്യ ദേശങ്ങളിലേക്ക് 'സമുദ്ര പട്ടുപാത' സാക്ഷാല്‍ക്കരിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ബി.ബി.സിയുടെ തെക്കന്‍ ഏഷ്യാ വിദഗ്ധന്‍ ജില്‍ മക്ഗിവെറിങ് അഭിപ്രായപ്പെട്ടു.
അതിര്‍ത്തിയില്‍ ചൈനയുടെ കൂറ്റന്‍ ദൂരദര്‍ശിനി
ബെയ്ജിങ്: ഇന്ത്യാ-ചൈന രാജ്യാന്തര അതിര്‍ത്തിയോടുചേര്‍ന്ന ടിബറ്റന്‍ ഭൂപ്രദേശത്തെ കുന്നിന്‍മുകളില്‍ ചൈന ദൂരദര്‍ശിനി സ്ഥാപിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രദേശങ്ങളിലൊന്നാണിത്.
മഹാവിസ്‌ഫോടന സിദ്ധാന്തത്തെക്കുറിച്ച് കൂടുതല്‍ അറിയാനാണ് നീക്കമെന്നാണ് ചൈനീസ് ഭാഷ്യം. ഇതിനായി 1.88 കോടി യു.എസ് ഡോളറാണ് ചൈന മാറ്റിവച്ചിരിക്കുന്നത്. ആദ്യ ദൂരദര്‍ശിനി സ്ഥാപിക്കുന്നതിനുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."