കാക്കിക്കുള്ളിലെ കലാഹൃദയങ്ങള്‍
കാക്കി കുപ്പായത്തിനുള്ളില്‍ ഒരു കവിയുണ്ട്, ഒരു കലാകാരനുണ്ട്, ഒരു ഗായകനുണ്ട്...
'സന്‍മനസുള്ളവര്‍ക്ക് സമാധാനം' എന്ന സിനിമയിലെ ശ്രീനിവാസന്റെ പൊലിസ് വേഷം ശ്രദ്ധിക്കപ്പെട്ടത് ഈ ഒറ്റ ഡയലോഗിലാണ്. അതിനു മുന്‍പും പിന്‍പും പൊലിസുകാര്‍ പാട്ടുംപാടി അഭിനയിക്കുന്ന നിരവധി സിനിമകള്‍ വെള്ളിത്തിരകളിലെത്തിയിട്ടുണ്ട്. അപ്പോഴൊന്നും കേരളാ പൊലിസ് ഗാനമേള ട്രൂപ്പുണ്ടാക്കി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവരുമെന്ന ചിന്ത, വെറുതേ പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. തല്ലാനും അന്വേഷണം നടത്താനുമല്ലാതെ മറ്റൊന്നിനും കൊള്ളാത്തവരായി മുദ്രകുത്തപ്പെട്ടവര്‍. വാശിപിടിക്കുന്ന കുട്ടിയെ പേടിപ്പിച്ചുറക്കാന്‍ അമ്മമാര്‍ പറയുന്നതാണ്, പൊലിസ് മാമന്‍ വരുന്നുവെന്ന്. എന്നാല്‍, ജനമൈത്രി പൊലിസും വനിതാ പൊലിസിലേക്കു കൂടുതല്‍ റിക്രൂട്ട്‌മെന്റും വന്നതോടെ പൊലിസിനുണ്ടായിരുന്ന വികൃത മുഖത്തിനു മാറ്റം വന്നുതുടങ്ങി. എങ്കിലും പഴയ മാടമ്പിത്ത അവശിഷ്ടങ്ങള്‍ അവിടവിടെയായി ഇപ്പോഴും അടിഞ്ഞുകിടപ്പുണ്ട്.
ഇതിനിടയിലും പൊലിസിനെ ജനകീയമാക്കാന്‍ യുവനിര സജ്ജമായി രംഗത്തിറങ്ങിയെന്നതാണ് പ്രത്യേകത. അവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ മേലുദ്യോഗസ്ഥരും ഒരുക്കമായതോടെ 2008ല്‍ കേരളാ പൊലിസ് ഓര്‍ക്കസ്ട്രയ്ക്കു വീണ്ടും ജീവന്‍വച്ചു. സ്വന്തമായി സ്ഥിരം ഓര്‍ക്കസ്ട്രയ്ക്കു തുടക്കമായി. പൊലിസ് ക്യാംപുകളിലും സ്റ്റേഷനുകളിലും അന്നുവരെ മൂളിപ്പാട്ടിലൊതിക്കി നിര്‍ത്തിയിരുന്നവരുടെ കലാവാസനകള്‍ക്കു വീണ്ടും സ്വാതന്ത്ര്യം ലഭിച്ചു.
1972-73 കാലങ്ങളില്‍ പൊലിസ് ഗാനമേള ട്രൂപ്പ് സജീവമായിരുന്നു. തൃശൂര്‍ കെ.എ.പി ഫസ്റ്റ് ബറ്റാലിയന്‍ ആയിരുന്നു ആസ്ഥാനം. പത്തു വര്‍ഷം അതു തുടര്‍ന്നു. 1983-84 വരെ. പിന്നീടതിനെ പരിപാലിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ല. അടിയന്തരാവസ്ഥയും കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയുമൊക്കെ സംഘര്‍ഷാവസ്ഥ തീര്‍ത്തിരുന്ന കാലം.
പൊലിസുകാര്‍ക്കു തല്ലൊഴിഞ്ഞ നേരമില്ലായിരുന്നു. അതിനിടയില്‍ കലാവാസനകളെ അവര്‍ സ്വയം ലോക്കപ്പിലിട്ടു പൂട്ടി. പാടാനറിയാവുന്നവരൊന്നും പിന്നീടൊരു മൂളിപ്പാട്ടുപോലും പാടിയിട്ടില്ലെന്നാണു കേള്‍വി. അന്നുണ്ടായിരുന്ന പ്രധാന പാട്ടുകാരില്‍ ചിലര്‍ വിരമിച്ചു. ജോലിവിട്ടു വീട്ടിലിരിപ്പായി. ചിലര്‍ ഗോകര്‍ണത്തും വട്ടവടയിലുമൊക്കെ ട്രാന്‍സ്ഫര്‍ കിട്ടിപ്പോയി. അങ്ങനെ പോയവര്‍ പാട്ടിനെയും പാട്ടുകാരെയും ഒരുപോലെ വെറുത്തിട്ടുണ്ടാകണം.
പൊലിസ് ജോലിക്കിടയില്‍ പാട്ടിന് അത്ര പ്രാധാന്യം കൊടുക്കാത്തവരാണ് പിന്നീട് വന്നതെന്നു പിന്നാമ്പുറ ചര്‍ച്ച. എന്നാല്‍, 90കളുടെ അവസാനത്തോടെ പൊലിസ് അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റിയാണ് കാക്കി കലാകാരന്മാരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്. കുറച്ചു ചെറുപ്പക്കാര്‍ സംഗീതത്തെയും പാട്ടിനെയും സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകരെ കണ്ടെത്താന്‍ തീരുമാനിച്ചു. അങ്ങനെ തകര്‍ന്നടിഞ്ഞ കേരളാ പൊലിസ് ഓര്‍ക്കസ്ട്രയ്ക്കു പുതു ജീവന്‍ വച്ചു. കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലുമുള്ള പാട്ടുകാരായ പൊലിസുകാരുമായി ബന്ധപ്പെട്ടു.
വെള്ളി വീഴാതെ പാടാനറിയുന്ന നല്ല ഗായകരെ അവര്‍ കണ്ടെത്തി. ഇന്ന്, കേരളാ പൊലിസ് ഓര്‍ക്കസ്ട്ര പ്രൊഫഷനല്‍ ഓര്‍ക്കസ്ട്രയെയും വെല്ലുന്ന ട്രൂപ്പായിരിക്കുകയാണ്. വര്‍ഷത്തില്‍ നിരവധി പ്രോഗ്രാമുകള്‍... കാണികള്‍ ആവശ്യപ്പെടുന്ന ഏതുപാട്ടും അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാളുകളിലും ഒഴുകിയെത്തുന്നു.
പൊലിസുകാര്‍ പാട്ടുപാടുകയോ..? സാധാരണക്കാരുടെ ചോദ്യമിതായിരുന്നു. ചോദ്യങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് ഓര്‍ക്കസ്ട്രയുടെ മുന്നേറ്റം. നാടു കാക്കുന്നവര്‍ നാട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്നു... ഗാനമേള മാത്രമല്ല, ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ചെറുനാടകങ്ങള്‍ അവതരിപ്പിക്കുന്ന നാടക ട്രൂപ്പുമുണ്ട്. സ്ത്രീ പീഡനം, ട്രാഫിക് വിവരങ്ങള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് നാടകങ്ങള്‍. കാക്കിക്കുള്ളിലെ കലാഹൃദയം കാണാനായി ഓരോ വേദിയിലും ജനത്തിരക്കാണ്. ഭൂരിഭാഗം പേരും പൊലിസുകാര്‍. ഒന്‍പതു പ്രധാന പാട്ടുകാര്‍. രണ്ടു പെണ്‍ സാന്നിധ്യങ്ങള്‍. നാന്‍സിയും ആര്യയും. സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ മുതല്‍ ഉയര്‍ന്ന റാങ്കിലുള്ളവരും പാടുന്നുണ്ട്.
വാദ്യോപകരണങ്ങള്‍ വായിക്കുന്നത് പ്രൊഫഷനല്‍ ഗാനമേളകള്‍ ചെയ്യുന്നവരാണ്. ജ്യോതിക്കുട്ടന്‍, മുഹമ്മദ് റാഫി, മനോജ്, സുദേവ്, രാജു, രാജീവ്, ബിജോയ് തുടങ്ങിയവരാണ് പ്രധാനികള്‍. മുഹമ്മദ് റാഫിയും ജ്യോതിക്കുട്ടനും മനോജും പ്രൊഫഷനല്‍ ഗാനമേള ട്രൂപ്പുകളില്‍ പാടുന്നവരാണ്. സുദേവ് പെണ്ണിന്റെയും ആണിന്റെയും ശബ്ദത്തില്‍ പാടും. ഇതാണ് ട്രൂപ്പിന്റെ സ്‌പെഷല്‍ ഐറ്റം.
പൊലിസില്‍ ചേരുന്നതിനു മുന്‍പുതന്നെ കലാമികവു തെളിയിച്ച വ്യക്തിയായിരുന്നു മുഹമ്മദ് റാഫി. ഓര്‍ക്കസ്ട്രയിലെ പ്രധാന ഗായകന്‍ കൂടിയാണ് ക്രൈം ബ്രാഞ്ച് എ.എസ്.ഐ ആയ ഇദ്ദേഹം. എ.എസ്.ഐമാരായ രാജീവ്, രാജു, സീനിയര്‍ സി.പി.ഒ ബിജോയ് തുടങ്ങിയവരുടെ സാന്നിധ്യവും ഓര്‍ക്കസ്ട്രയ്ക്ക് ജീവന്‍ പകരുന്നു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവായ വിനോദ് ചമ്പക്കരയാണ് പ്രോഗ്രാം കോഡിനേറ്ററും കോംപയറും.
കായികയിനങ്ങള്‍ക്കും കായികതാരങ്ങള്‍ക്കും മാത്രം പ്രാമുഖ്യം നല്‍കുന്ന ഇടമെന്ന നിലയില്‍ നിന്നു പൊലിസ് സേനയിലെ കലാകാരന്മാര്‍ക്കും ഇപ്പോള്‍ സ്ഥാനം നല്‍കിത്തുടങ്ങിയിരിക്കുന്നു. കൊട്ടും പാട്ടുമായി പൊലിസില്‍ ആകെയുള്ളതു ബാന്റ് ട്രൂപ്പാണ്. ദേശീയഗാനം ആലപിക്കാനും പരേഡ് സമയങ്ങളിലും പാസിങ് ഔട്ട് ഗ്രൗണ്ടിലും പിന്നെ സര്‍ക്കാര്‍ പരിപാടികള്‍ക്കും സംസ്ഥാന ആഘോഷങ്ങള്‍ക്കും മാത്രമാണ് ബാന്റ് ട്രൂപ്പ് വാദ്യോപകരണങ്ങള്‍ എടുക്കുന്നത്.
എന്നാല്‍, ജനസമ്പര്‍ക്കത്തിന്, അതും സാധാരണ ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ പൊലിസ് ഓര്‍ക്കസ്ട്ര വഴി കഴിയുമെന്നതു യുക്തിയാണ്. ജോലിസമയങ്ങളില്‍ പ്രാക്ടീസോ പരിപാടികളോ ഇല്ല. പൊലിസ് അസോസിയേഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റ് സലീം കുമാറിന്റെ നേതൃത്വത്തിലാണ് ഓര്‍ക്കസ്ട്രയുടെ ബുക്കിങ്ങും.
ജനങ്ങളുമായി കൂടുതല്‍ ഇടപഴകാനും അവര്‍ക്കൊപ്പമാണ് പൊലിസെന്നുമുള്ള തോന്നല്‍ ഉണ്ടാക്കിയെടുക്കാനും ഗാനമേള ട്രൂപ്പുകൊണ്ട് കഴിഞ്ഞിട്ടുണ്ടെന്നു കാക്കിക്കുള്ളിലെ ഈ കലാകാരന്മാര്‍ സമ്മതിക്കുന്നു. അല്ലെങ്കിലും പാട്ട് ഇഷ്ടപ്പെടാത്തവരായി ആരുമില്ലല്ലോ...
പൊലിസുകാര്‍ പാട്ടുകാരാകുമ്പോള്‍ നാട്ടുകാര്‍ക്കു പാട്ടും പാടുന്ന പൊലിസിനെയും ഇഷ്ടമാകുമെന്ന മനഃശാസ്ത്രമാണ് നടത്തുന്നതെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."