അമൃതാനന്ദമയീ മഠത്തിന് പ്രത്യക്ഷ നികുതി ഇളവ് നല്‍കി അസാധാരണ ഉത്തരവ്
കോഴിക്കോട്: ആദായനികുതി വകുപ്പിന്റെ ഇടപെടലില്‍ നിന്നും അമൃതാനന്ദമയീ മഠത്തിനെ പൂര്‍ണമായും ഒഴിവാക്കികൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ അസാധാരണ ഉത്തരവ്. 2010ല്‍ മുന്‍ യു.പി.എ സര്‍ക്കാരാണ് ഇത്തരമൊരു അസാധാരണ ഉത്തരവ് മഠത്തിന് നല്‍കിയത്.
ഇതുപ്രകാരം അമൃതാനന്ദമയീ മഠത്തിന് എല്ലാതരം വരുമാനങ്ങളില്‍ നിന്നും പ്രത്യക്ഷത്തില്‍ തന്നെ നികുതി ഇളവ് നല്‍കിയിരിക്കുകയാണ്. നോട്ട് പിന്‍വലിക്കലിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പ് വന്‍നിക്ഷേപങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ഏഴു വര്‍ഷമായി മഠത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ വകുപ്പ് അറിയുന്നില്ലെന്ന കാര്യം വ്യക്തമായത്.
സാധാരണ ചാരിറ്റബിള്‍ ട്രസ്റ്റുകളുടെ വരുമാനത്തിന്റെ പലിശയുടെ പത്ത് ശതമാനം ടി.ഡി.എസായി സര്‍ക്കാരിലേക്ക് അടയ്ക്കണം. ചാരിറ്റി ട്രസ്റ്റുകള്‍ക്ക് പിന്നീട് ആദായനികുതിവകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ സത്യവാങ്മൂലം ഫയല്‍ചെയ്ത് ഈ തുക തിരികെ കൈപ്പറ്റാം. ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിക്കുമ്പോള്‍ പണത്തിന്റെ ഉറവിടം ഉള്‍പ്പെടെ വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം ചട്ടങ്ങളിലൂടെയാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ നികുതി ഇളവുകള്‍ നേടിക്കൊണ്ടിരുന്നത്. എന്നാല്‍ തിരിച്ചുകിട്ടുന്ന ഈ നികുതി അടയ്ക്കാതെ, പണത്തിന്റെ ഉറവിടം വെളിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ മറികടക്കുന്നതാണ് മഠത്തിന് ഈ ഉത്തരവിന്റെ മറവില്‍ കിട്ടിയ ആനുകൂല്യം.
മാതാ അമൃതാനന്ദമയി മഠത്തിന് വിവിധ ബാങ്കുകളിലുള്ള നിക്ഷേപത്തിന് കഴിഞ്ഞ വര്‍ഷം ആകെ ലഭിച്ച പലിശ 60.74 കോടി രൂപയാണ്. ഇത്രയും തുകയ്ക്ക് 6.73 കോടി രൂപ ടി.ഡി.എസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കണമെന്നാണ് ചട്ടം. പ്രത്യക്ഷനികുതിബോര്‍ഡ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവനുസരിച്ച് അമൃതാനന്ദമയി മഠത്തിന്റെ നിക്ഷേപങ്ങളില്‍ നിന്നോ നഷ്ടപരിഹാരങ്ങളില്‍ നിന്നോ വരുമാനസ്രോതസില്‍ നിന്ന് നികുതി ഈടാക്കാന്‍ പാടില്ല.
ബാങ്ക് പലിശ മാത്രമല്ല മ്യൂച്വല്‍ ഫണ്ടടക്കമുള്ള എല്ലാ വരുമാനങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. ഇന്‍കം ടാക്‌സ് ആക്ടിലെ 10 23 സി ചട്ടം നിലനില്‍ക്കുന്ന അനന്തകാലത്തേക്കാണ് ഉത്തരവ്. അതേസമയം ചാരിറ്റബിള്‍ ട്രസ്റ്റിനു കിട്ടുന്ന ആനുകൂല്യം മാത്രമാണിതെന്നാണ് മഠത്തിന്റെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."