ഫോര്‍ട്ട്കൊച്ചി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും
മട്ടാഞ്ചേരി: വിവാദങ്ങള്‍ക്കൊടുവില്‍ ഫോര്‍ട്ട്കൊച്ചി ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം ഇന്ന് ആരംഭിക്കും. രാവിലെ എട്ടരയോടെ ആദ്യ ഡയാലിസീസിനായി ആളെ കയറ്റും. ഒമ്പത് മണിയോടെ ആദ്യ ഡയാലിസീസ് നടക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പ് അന്നത്തെ ആരോഗ്യ മന്ത്രി ഉദ് ഘാടനം ചെയ്ത ഡയാലിസിസ് സെന്റര്‍ രണ്ടാഴ്ച മുമ്പ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ വീണ്ടും ഉദ്ഘാടനം ചെയ്തെങ്കിലും പ്രവര്‍ത്തിക്കാതിരുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കൊച്ചി നഗരസഭ മേയറെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് എല്‍.ഡി.എഫ്നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചത്.
എന്നാല്‍ ഉദ്ഘാടനം മാമാങ്കം കഴിഞ്ഞിട്ടും ഒരു രോഗിയെ പോലും ഡയാലിസിസ് ചെയ്യാന്‍ കഴിയാത്തത് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. കഴിഞ്ഞ 26ന് രോഗികളെ ബുക്ക് ചെയ്തതാണെങ്കിലും നടന്നില്ല. ജില്ലയില്‍ നിരവധി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നിരിക്കെ ഫോര്‍ട്ട്കൊച്ചിയിലെ ഡയാലിസിസ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ പുലര്‍ത്തുന്ന മൗനം സ്വകാര്യ സെന്ററുകളെ സഹായിക്കാനാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."