രാകേന്ദു സാഹിത്യസംഗീതോത്സവം പ്രദര്‍ശനം ഇന്ന് എം.പി സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും
കോട്ടയം: സി.കെ ജീവന്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള രാകേന്ദു സാഹിത്യസംഗീതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം ഇന്ന് ഉച്ചയ്ക്ക് 1.30നു ചലച്ചിത്ര സംവിധായകന്‍ എം.പി സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ഡിജോ കാപ്പന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ ജോഷി മാത്യു മുഖ്യാതിഥിയാകും.
'വിഗതകുമാരന്‍' മുതല്‍ മലയാള ചലച്ചിത്ര ചരിത്രത്തിലെ പ്രധാന നാഴികക്കല്ലുകള്‍, അവാര്‍ഡുകള്‍, ചലച്ചിത്ര പ്രതിഭകളുടെ വിവരങ്ങള്‍ തുടങ്ങിയവ ചിത്രീകരിക്കുന്ന 'ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട മലയാളസിനിമ' എന്നതാണു പ്രദര്‍ശനത്തിലെ മുഖ്യഇനം. ചിത്രകാരന്മാരുടെ ചതുരാത്മാ ഗ്രൂപ്പ് ഒരുക്കുന്ന ഒ.എന്‍.വി ചിത്രങ്ങള്‍, ഷാജി വാസന്‍ ഒരുക്കുന്ന കാവാലം കാരിക്കേച്ചര്‍ ഷോ, സംഗീത സംബന്ധിയായ സ്റ്റാമ്പുകള്‍, പുസ്തകങ്ങള്‍, രാകേന്ദു സംഗീത കാഴ്ചകള്‍ പ്രദര്‍ശനത്തിലുണ്ടാകും. 12 മുതല്‍ 15 വരെ വൈകിട്ട് 4.30 മുതലാണു പ്രദര്‍ശനം.
രാകേന്ദു സാഹിത്യസംഗീതോത്സവത്തിന്റെ ഭാഗമായി ബസേലിയസ് കോളജ് മലയാള വിഭാഗവുമായി ചേര്‍ന്നു സംഘടിപ്പിച്ച ഗാനാലാപന മത്സരത്തില്‍ കോളജ് വിഭാഗത്തില്‍ സി.എം.എസ് കോളജിലെ ഗോപിക ബീന ചന്ദ്രന്‍, ജിക്ക്‌സണ്‍ തോമസ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുവേണ്ടി നടത്തിയ ഒ.എന്‍.വി ഗാനാലാപന മത്സരത്തില്‍ വാകത്താനം ജെറൂസലേം മൗണ്ട് സ്‌കൂളിലെ ജെറിന്‍ ഷാജി ഒന്നാം സ്ഥാനവും സെന്റ് ആന്‍സ് സ്‌കൂളിലെ അപര്‍ണ രാജീവ് രണ്ടാം സ്ഥാനവും നീബ സൂസന്‍ ജോര്‍ജ് മൂന്നാം സ്ഥാനവും നേടി.
ആലാപനമത്സരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബസേലിയസ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അലക്‌സാണ്ടര്‍ വി. ജോര്‍ജ് അധ്യക്ഷനായി. മോന്‍സ് ജോസഫ് എം.എല്‍.എ, സി.കെ ജീവന്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഡിജോ കാപ്പന്‍, സെക്രട്ടറി കുര്യന്‍ തോമസ് കരിമ്പനത്തറയില്‍, ഡോ. സെല്‍വി സേവ്യര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."