പൊട്ടന്‍ തെയ്യത്തിന് കഥകളി ആവിഷ്‌കാരം
നീലേശ്വരം: ജാതീയതയ്‌ക്കെതിരെ ഉത്തര കേരളത്തില്‍ രൂപപ്പെട്ട അനുഷ്ഠാന കലാരൂപമായ പൊട്ടന്‍ തെയ്യം കഥകളിയായി എത്തുന്നു. കാസര്‍കോട് ജില്ലയിലെ പനയാല്‍ അരവത്ത് കണ്ണന്‍ പട്ടാളി സ്മാരക കഥകളി ട്രസ്റ്റാണു കഥകളി ആവിഷ്‌കാരം ഒരുക്കുന്നത്. ജാതീയത വര്‍ധിച്ചുവരുന്ന വര്‍ത്തമാന കാലത്തു പൊട്ടന്‍ തെയ്യത്തിന്റെ തോറ്റംപാട്ടിന്റെ വീണ്ടെടുപ്പ് ആവശ്യമാണെന്ന വിലയിരുത്തലിലാണ് ഇത്തരമൊരു സംരംഭവുമായി ട്രസ്റ്റ് രംഗത്തു വന്നിരിക്കുന്നത്.
നാടോടികലയായ തെയ്യത്തിന്റെയും - ക്ലാസിക് കലാരൂപമായ കഥകളിയുടെയും സമന്വയമാണ് ഇതിലൂടെ കലാകാരന്മാര്‍ സാധ്യമാക്കുന്നത്. ഇതോടെ ക്ലാസിക് - നാടോടി തരംതിരിവ് അപ്രസക്തമാകുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറയുന്നു. ഇതിലൂടെ കഥകളിയെ ജനകീയവല്‍കരിക്കാന്‍ കഴിയുമെന്നും ഇവര്‍ കരുതുന്നു.
പ്രൊഫ.ജനാര്‍ദ്ദനന്‍ പോറ്റിയാണു സര്‍വജ്ഞപീഠം എന്നു പേരു നല്‍കിയിരിക്കുന്ന ആട്ടക്കഥ രചിച്ചിരിക്കുന്നത്. സര്‍വജ്ഞ പീഠത്തിലേക്കുള്ള യാത്രയില്‍ എതിരേ വന്ന താഴ്ന്ന ജാതിക്കാരനായ ചണ്ഡാലനോടു വഴിമാറി പോകാന്‍ ശങ്കരാചാര്യര്‍ ആവശ്യപ്പെടുന്നതും തുടര്‍ന്നു ഇരുവരും തമ്മില്‍ നടത്തുന്ന സംവാദവുമാണു പ്രമേയം.
കലാമണ്ഡലം മോഹനകൃഷ്ണനാണു സംഗീതം ഒരുക്കിയത്. കലാനിലയം വാസുദേവനാണു രംഗാവിഷ്‌കാരം നിര്‍വഹിച്ചിരിക്കുന്നത്. തെയ്യം കലാകാരന്മാരുടേയും കഥകളി ആചാര്യന്മാരുടേയും നിര്‍ദേശപ്രകാരമാണു കഥകളി ചിട്ടപ്പെടുത്തിയിരിക്കുന്നത്. വെള്ളിക്കോത്തെ പടിഞ്ഞാറേക്കരയിലെ കൂര്‍മ്മല്‍ എഴുത്തച്ഛനാണു പൊട്ടന്‍ തെയ്യത്തിന്റെ തോറ്റം പാട്ട് എഴുതിയത്.
മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കഥകളിയുടെ ചിട്ടപ്പെടുത്തല്‍ ആറുമാസം കൊണ്ടാണു പൂര്‍ത്തിയായത്. 27 നു അരവത്തെ ട്രസ്റ്റ് ആസ്ഥാനത്തു ഇതിന്റെ ചൊല്ലിയാട്ടം നടക്കും. 29 നു പരവനടുക്കം എം.ആര്‍.എച്ച്.എസില്‍ കഥകളി അരങ്ങേറും.
കഥകളിയുടെ പ്രചാരത്തിനായി രൂപംകൊടുത്ത ട്രസ്റ്റ് മൂന്നുവര്‍ഷം കൊണ്ടു തന്നെ 20 ഓളം കലാകാരന്മാരെ പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലാ മലയാള വിഭാഗം തലവന്‍ ഡോ.എ.എം ശ്രീധരനും സാഹിത്യകാരനും അധ്യാപകനുമായ സന്തോഷ് പനയാലുമാണു ട്രസ്റ്റിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."