മാവോയിസ്റ്റ് വേട്ട നിര്‍ഭാഗ്യകരമെന്ന് എം.എ ബേബി
തിരുവനന്തപുരം: നിലമ്പൂരിലുണ്ടായ മാവോയിസ്റ്റ് വേട്ട നിര്‍ഭാഗ്യകരമെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി. ഒളിപ്പോര് നടത്തുന്നവരെ വെടിവച്ചു കൊല്ലുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ വെടിവച്ചു കൊല്ലുക എന്നത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ സമീപനമല്ലെന്നും പൊലിസ് നടപടിയില്‍ സംശയമുള്ളതിനാലാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും ബേബി പറഞ്ഞു.
കേരളത്തിലും ഇന്ത്യയിലും സായുധമായ പ്രവര്‍ത്തനങ്ങള്‍ സാമൂഹിക മാറ്റത്തിനായുള്ള ഇടതുപക്ഷ ശക്തികളെ എത്രത്തോളം കരുത്തുള്ളതാക്കുമെന്ന് ഇത്തരക്കാര്‍ ചിന്തിക്കണം. തങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ ആത്മപരിശോധന നടത്തണം. കേരളത്തില്‍ ഇടതുപക്ഷ ഭരണം വരുമ്പോള്‍ മാവോയിസ്റ്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം വളരെപ്പെട്ടന്ന് സജീവമാകാറുണ്ട്. ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നു മാറി വനാന്തരത്തില്‍ ഒളിപ്പോര്‍ നടത്തി വിമോചിത മേഖലയുണ്ടാക്കാം എന്ന ചിന്ത സാധ്യമാകുമോ എന്ന് അവര്‍ ചിന്തിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ കക്ഷികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക മേഖലയില്‍ ഇടപെടാനുള്ള സാധ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."