തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേട്ടം
മുംബൈ/ചണ്ഡീഗഢ് : അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന വിവിധ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് നേട്ടം.
മഹാരാഷ്ട്രയില്‍ നടന്ന അവസാനഘട്ട മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 244 സീറ്റില്‍ നൂറിടത്താണ് ബി.ജെ.പി ജയിച്ചത്. ഏഴ് മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് പദവി നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ മഹാരാഷ്ട്രാ തദ്ദേശതെരഞ്ഞെടുപ്പില്‍ ആകെ 1,190 കൗണ്‍സിലര്‍മാരും 71 മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റുമാരുമായി ബി.ജെ.പി ഏറെ മുന്നിലെത്തി. ഇന്നലെ ലഭിച്ച 58 സീറ്റും രണ്ട് കൗണ്‍സില്‍ പ്രസിഡന്റ് പദവിയുമടക്കം ആകെ 952 കൗണ്‍സില്‍ സീറ്റുകളും 34 കൗണ്‍സില്‍ പ്രസിഡന്റ് പദവിയും നേടി കോണ്‍ഗ്രസാണു രണ്ടാം സ്ഥാനത്ത്. എന്‍.സി.പി ആകെ 812 കൗണ്‍സില്‍ സീറ്റുകളും 22 കൗണ്‍സില്‍ പ്രസിഡന്റ് പദവിയും ശിവസേന ആകെ 612 സീറ്റും 26 കൗണ്‍സില്‍ പ്രസിഡന്റ് പദവിയും നേടി.
ഹരിയാനയിലെ ഫരീദാബാദില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആകെ 40 സീറ്റുകളില്‍ 30ഉം നേടി ബി.ജെ.പി വന്‍ വിജയം ആഘോഷിച്ചു. ശേഷിച്ച പത്ത് സീറ്റുകള്‍ സ്വതന്ത്രന്മാരാണു സ്വന്തമാക്കിയത്. മുന്‍ കോണ്‍ഗ്രസ് നേതാവ് എ.സി ചൗധരിയുടെ മരുമകള്‍ രോണികാ ചൗധരി പരാജയപ്പെട്ട സ്ഥാനാര്‍ഥികളില്‍ പ്രമുഖയാണ്.
2010ല്‍ ഫരീദാബാദില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നാല് സീറ്റ് മാത്രമാണു നേടാനായിരുന്നത്. ബി.എസ്.പി മൂന്നിടത്തും ബാക്കിയിടങ്ങളില്‍ സ്വതന്ത്രന്മാരും വിജയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."