യു.എസ് കോണ്‍സുലേറ്റ് ആക്രമണം: അമേരിക്കക്കാരന് അറസ്റ്റില്‍
മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ പടിഞ്ഞാറന്‍ നഗരമായ ഗ്വാഡലാജാരയില് യു.എസ് കോണ്‍സുലേറ്റിനു നേരെ വെടിവയ്പ് നടത്തിയ കേസിലെ പ്രതി അമേരിക്കക്കാരന്.
ഇയാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതിയെ യു.എസിലേക്ക് അയച്ചുവെന്നും അവിടെ വിചാരണ നേരിടുമെന്നും മെക്സിക്കോ വിദേശകാര്യ മന്ത്രാലയവും അറ്റോര്‍ണി ജനറല്‍ ഓഫിസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് നീല നിറത്തിലുള്ള നഴ്സിന്റെ യൂനിഫോം അണിഞ്ഞ യുവാവ് മെക്സികോയിലെ രണ്ടാമത്തെ വലിയ നഗരത്തില്‍ വെടിവയ്പ് നടത്തിയത്. പ്രതി അമേരിക്കക്കാരനാണെന്ന് നേരത്തെ മെക്സിക്കോ അറിയിച്ചിരുന്നു.
എന്നാല്‍ ആക്രമണത്തിനുള്ള പ്രേരണ എന്താണെന്നോ പ്രതിയുടെ വിശദാംശങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. എഫ്.ബി.ഐയും യു.എസ് എംബസിയുമായി സഹകരിച്ചാണ് അന്വേഷണമെന്ന് മെക്സിക്കന്‍ പൊലിസ് പറഞ്ഞു.
ശനിയാഴ്ചയാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് എഫ്.ബി.ഐ 20,000 യു.എസ് ഡോളര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."