വിധി പറയാന്‍ ചെലവ് അഞ്ചു ലക്ഷം
തൃക്കരിപ്പൂര്‍: പ്രോഗ്രാം കമ്മറ്റി ഭാരവാഹികളെ വിളിച്ച് വിധികര്‍ത്താക്കള്‍ വിലപേശുന്നു. ചുരുങ്ങിയത് ഏഴായിരം രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ വിധിപറയാന്‍ എത്തില്ലെന്ന് ഒരാള്‍. അയ്യായിരം രൂപയും യാത്ര ചെലവും നല്‍കിയിട്ടും തന്നത് തീരെമോശമായി പോയെന്ന് മറ്റൊരാള്‍. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കുതിച്ചുയരുകയാണ് വിധികര്‍ത്താക്കളുടെ വില. ഇന്നലെ വരെയുള്ള കണക്കുകള്‍ വെച്ചുനോക്കുമ്പോള്‍ അഞ്ചു ലക്ഷത്തിനു മുകളിലാണ് ഇപ്പോള്‍ വിധികര്‍ത്താക്കള്‍ക്ക് നല്‍കേണ്ട തുകയുടെ കണക്ക്. നാല് ലക്ഷത്തി അന്‍പത്തിയേഴായിരം രൂപയായിരുന്നു വിധി പറയാനുള്ള കഴിഞ്ഞ വര്‍ഷത്തെ ചെലവ്. കഥകളി സംഗീതത്തിന് വിധി പറയാന്‍ പറഞ്ഞു വെച്ച വിധികര്‍ത്താവ് കഴിഞ്ഞ ദിവസം പ്രോഗ്രാംകമ്മറ്റി ഭാരവാഹിയെ വിളിച്ചു. ഏഴായിരം രൂപ വേണമെന്നായിരുന്നു ആവശ്യം. ആറായിരം വരെ സംഘാടകര്‍ പറഞ്ഞു നോക്കി.
അമ്പിനും വില്ലിനും അടുക്കാത്ത 'കലാസ്നേഹിയായ' വിധികര്‍ത്താവിനെ ഒഴിവാക്കിയാണ് പ്രശ്നം പരിഹരിച്ചത്. ക്ലാസിക്കല്‍ നൃത്തഇനങ്ങളുടെ വിധികര്ത്താക്കള്ക്കാണ് പൊന്നിന് വില. ഒരിനത്തിന് അയ്യായിരം രൂപ നല്‍കണം. ഇത്തവണ മത്സരിക്കാന്‍ ഒരാള്‍ മാത്രമുണ്ടായ ഇനത്തില്‍ മാര്‍ക്കിടാന്‍ എത്തിയ വിധികര്‍ത്താവും വാങ്ങി രൂപ അയ്യായിരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."