ആത്മാര്‍പ്പണത്തിന്റെ പൂര്‍ണത
അപാരമായ ഇച്ഛാശക്തി ഒരു ഫുട്‌ബോള്‍ താരത്തില്‍ ചേരുംപടി ചേര്‍ന്നതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഡോസ് സാന്റോസ് അവെയ്‌രോയെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തട്ടും തടവുമില്ലാതെ ഒരു പുഴയുടെ ഒഴുക്കിനെയാണ് പോര്‍ച്ചുഗല്‍ നായകന്‍ കൂടിയായ അദ്ദേഹത്തിന്റെ കരിയര്‍ ഓര്‍മപ്പെടുത്തുന്നത്.
പോര്‍ച്ചുഗല്‍ ക്ലബ് അന്‍ഡോറിനയിലൂടെ 1992ല്‍ തുടങ്ങിയ ഫുട്‌ബോള്‍ യാത്രയ്ക്ക് 31ാം വയസിലും ഇടര്‍ച്ച നേരിട്ടിട്ടില്ല എന്നു പറയുമ്പോഴാണ് അതിന്റെ ആഴവും പരപ്പും വ്യക്തമാകുന്നത്. മികവിന്റെ ഈ ഊര്‍ജം നിരന്തരമായ സാധനയിലൂടെയാണ് അയാള്‍ സ്വായത്തമാക്കിയത്.
കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് താരം കടന്നു പോകുന്നത്. 2016ല്‍ പോര്‍ച്ചുഗലിനു യൂറോ കപ്പും റയല്‍ മാഡ്രിഡിനു ചാംപ്യന്‍സ് ലീഗ് കിരീടവും ക്ലബ് ലോകകപ്പ് കിരീടവും സമ്മാനിച്ച ക്രിസ്റ്റ്യാനോ ലോകത്തെ മികച്ച താരത്തിനുള്ള ബാല്ലണ്‍ ഡി ഓറും ഫിഫ ദി ബെസ്റ്റ് പുരസ്‌കാരവും സ്വന്തമാക്കി ആ മികവിനു അടിവരയിട്ടിരിക്കുകയാണ് ഒരിക്കല്‍ കൂടി.
ക്രിസ്റ്റ്യാനോയോ മെസ്സിയോ എന്ന ചോദ്യത്തിനു ഉത്തരം ലളിതമാണ്. മെസ്സി നൈസര്‍ഗികമായ വാസനാ ബലമുള്ള കളിക്കാരനാണെങ്കില്‍ തന്റെ പ്രതിഭയെ രാകിമിനുക്കി ഒരുക്കുന്നതാണ് ക്രിസ്റ്റ്യാനോയെ വ്യത്യസ്തനാക്കി നിര്‍ത്തുന്നത്. ഫുട്‌ബോളിനോടുള്ള അടങ്ങാത്ത പ്രണയവും അതിനു വേണ്ടിയുള്ള ആത്മ സമര്‍പ്പണമവുമാണ് പോര്‍ച്ചുഗല്‍ നായകന്റെ പ്രത്യേകതയും പ്രസക്തിയും. എതിര്‍ താരങ്ങളുടെ അപകടകരമായ ടാക്ലിങുകളിലല്ലാതെ മറ്റൊരു തരത്തിലും പരുക്കേല്‍ക്കാതിരിക്കാനടക്കമുള്ള സൂക്ഷ്മത പുലര്‍ത്തിയാണ് ക്രിസ്റ്റ്യാനോ കളിക്കളം വാഴുന്നത്. ലോകത്തെ ഏറ്റവും മൂല്യമുള്ള താരമായി 31ാം വയസിലും ക്രിസ്റ്റ്യാനോ നില്‍ക്കുന്നതും അതുകൊണ്ടു തന്നെ.
ഓര്‍മയില്ലേ പോര്‍ച്ചുഗലിന്റെ യൂറോ കപ്പ് വിജയം. ഫൈനലില്‍ 20ാം മിനുട്ടില്‍ പരുക്കേറ്റ് പുറത്തു പോയ ക്രിസ്റ്റ്യാനോ ഡ്രസിങ് റൂമില്‍ വിശ്രമിക്കാന്‍ നില്‍ക്കാതെ പരിശീലകന്‍ സാന്റോസിനൊപ്പം സഹ താരങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി കൂടെ നിന്നു പ്രോത്സാഹിപ്പിച്ചും പ്രചോദനം നല്‍കിയതും മായാത്ത ചിത്രങ്ങളാണ്. ഓര്‍ക്കുക ഇതിഹാസ താരങ്ങളായ യുസേബിയോക്കും ലൂയീസ് ഫിഗോയ്ക്കും സമ്മാനിക്കാന്‍ സാധിക്കാതിരുന്ന മേജര്‍ കിരീടം തന്റെ രാജ്യത്തിനു സമ്മാനിക്കാന്‍ ക്രിസ്റ്റ്യാനോയ്ക്ക് സാധിച്ചു. ഫൈനല്‍ വരെ പോര്‍ച്ചുഗല്‍ എത്തിയതിനു പിന്നില്‍ ആ മനുഷ്യന്റെ പോരാട്ട വീര്യമാണ് പറങ്കികള്‍ക്ക് തുണയായത്.
ക്രിസ്റ്റ്യാനോയെ ഇന്നത്തെ സൂപ്പര്‍ താരമാക്കി മാറ്റിയത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ വിഖ്യാത പരിശീലകനായിരുന്ന സര്‍ അലക്‌സ് ഫെര്‍ഗൂസനാണ്. ആറു വര്‍ഷം മാഞ്ചസ്റ്ററിന്റെ ചുവന്ന കുപ്പായത്തില്‍ തിളങ്ങിയ ക്രിസ്റ്റ്യാനോ മൂന്നു പ്രീമിയര്‍ ലീഗ്, ഒരു എഫ്.എ കപ്പ്, രണ്ടു ലീഗ് കപ്പ്, ഒരു കമ്മ്യൂണിറ്റി ഷീല്‍ഡ്, ഒരു ചാംപ്യന്‍സ് ലീഗ്, ഒരു ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടിയാണ് ഇംഗ്ലണ്ടില്‍ നിന്നു സ്‌പെയിനിലേക്ക് ചേക്കേറിയത്.
2009 മുതല്‍ റയല്‍ മാഡ്രിഡിന്റെ സ്വപ്ന കുതിപ്പില്‍ അദ്ദേഹം കൃത്യമായ പങ്കു വഹിക്കുന്നു. റയലിനൊപ്പം ഒരു ലാ ലിഗ, രണ്ടു കിങ്‌സ് കപ്പ്, ഒരു സൂപ്പര്‍ കോപ്പ, രണ്ടു ചാംപ്യന്‍സ് ലീഗ്, രണ്ടു യുവേഫ സൂപ്പര്‍ കപ്പ്, രണ്ടു ക്ലബ് ലോകകപ്പ് കിരീട വിജയങ്ങളും സ്വന്തമാക്കി. കോടികള്‍ വാഗ്ദാനം നല്‍കി ഈയടുത്ത് ചൈനീസ് ക്ലബ് അദ്ദേഹത്തിന്റെ പിന്നാലെ കൂടിയെങ്കിലും റയല്‍ വിട്ട് എങ്ങോട്ടുമില്ലെന്നു പ്രഖ്യാപിച്ച് ചൈനീസ് ക്ലബിന്റെ മോഹ വലയില്‍ പെടാതെ നിന്നത് ലോകം ആദരവോടെയാണു കണ്ടത്. ഒരു ടീമിനു വേണ്ടി അങ്ങേയറ്റം വരെ ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു താരത്തിന്റെ മാനസികമായ സമരസപ്പെടല്‍ കൂടിയായി മാറി ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍. പോര്‍ച്ചുഗലിനൊപ്പം യൂറോ കപ്പും നേടിയതോടെ കരിയറില്‍ ഇനി ബാക്കിയുള്ളത് ഒരു ലോകകപ്പ് കിരീടം മാത്രം. ആ സുവര്‍ണ കപ്പും ക്രിസ്റ്റ്യാനോയുടെ കൈകളുടെ സ്പര്‍ശനത്തിനായി കാലം നല്‍കുമെന്ന് പ്രത്യാശിക്കാം.
ഫുട്‌ബോള്‍ താരമാകാന്‍ ശ്രമിക്കുന്ന ഏതൊരാള്‍ക്കും മാതൃകയാക്കാന്‍ വര്‍ത്തമാന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉചിതമായ ഉദാഹരണം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. തന്റെ കരിയറിനോടു അദ്ദേഹം പുലര്‍ത്തുന്ന സത്യസന്ധതയും ആത്മാര്‍പ്പണവും തന്നെയാണ് അയാളുടെ നേട്ടങ്ങളുടെ കരുത്തും കാതലവും സൗന്ദര്യവും. നിലവിലെ മികവ് പരിശോധിച്ചാല്‍ ദി ബെസ്റ്റ് എന്ന വാക്കിന്റെ പൂര്‍ണതയില്‍ ഏകനായി നില്‍ക്കാന്‍ കെല്‍പ്പുള്ള താരവും പോര്‍ച്ചുഗല്‍ നായകന്‍ തന്നെ.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും
കാര്‍ലി ലോയ്ഡും മികച്ച താരങ്ങള്‍
സൂറിച്ച്: 2016ലെ ലോക ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുര്‌സകാരം പോര്‍ച്ചുഗല്‍ നായകനും റയല്‍ മാഡ്രിഡ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. പോര്‍ച്ചുഗലിനെ യൂറോ കിരീടത്തിലേക്കും റയല്‍ മാഡ്രിഡിനെ ചാംപ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലേക്കും നയിച്ച മികവാണ് സൂപ്പര്‍ താരത്തെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. നേരത്തെ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ അവാര്‍ഡായ ബാല്ലണ്‍ ഡി ഓറും ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിരുന്നു. ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രിസ്മാനേയും പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ലോക ഫുട്‌ബോളര്‍ പദവി വീണ്ടും സ്വന്തമാക്കിയത്. 2008ല്‍ ഫിഫയുടെ പുരസ്‌കാരവും ബാല്ലണ്‍ ഡി ഓറും സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ സമാന നേട്ടമാണ് ഇത്തവണയും സ്വന്തമാക്കിയത്. ഫിഫയും ബാല്ലണ്‍ ഡി ഓറും സംയുക്തമായി അവാര്‍ഡ് നല്‍കിയപ്പോള്‍ 2013, 2014 വര്‍ഷങ്ങളിലും പോര്‍ച്ചുഗല്‍ നായകന്‍ മികവിന്റെ പര്യായമായി മാറിയിരുന്നു.
മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡ് നേടി. 2015ല്‍ അമേരിക്കയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ച ലോയ്ഡ് 2008, 2012 ഒളിംപിക്‌സുകളില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമിലും അംഗമായിരുന്നു.
മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് മലേഷ്യന്‍ മധ്യനിര താരം മൊഹദ് ഫയാസ് സുബ്രിയ്ക്കാണ്. മലേഷ്യന്‍ സൂപ്പര്‍ ലീഗ് ടീം പെനംഗ് എഫ്.എയുടെ താരമായ മൊഹദ് ഫ്രീ കിക്കിലൂടെ നേടിയ ഗോളാണ് പുരസ്‌കാരത്തിനു അര്‍ഹമായത്.
മികച്ച പരിശീലകനുള്ള പുരസ്‌കാരം ലെയ്സ്റ്റര്‍ സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ക്ലൗഡിയോ റനിയേരി സ്വന്തമാക്കി. റയല്‍ മാഡ്രിഡ് കോച്ച് സിനദിന്‍ സിദാന്‍, പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് എന്നിവരെ പിന്തള്ളിയാണ് റനിയേരി പുരസ്‌കാരത്തിനു അര്‍ഹനായത്. റിയോ ഒളിംപിക്‌സ് വനിതാ ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ജര്‍മന്‍ ടീമിനെ പരിശീലിപ്പിച്ച സില്‍വിയ നെയ്ഡാണ് മികച്ച വനിതാ കോച്ച്. ആദ്യമായാണ് ജര്‍മനി വനിതാ ഫുട്‌ബോളില്‍ ഒളിംപിക് സ്വര്‍ണം സ്വന്തമാക്കിയത്. മികച്ച ഫുട്‌സാല്‍ താരത്തിനുള്ള ഔട്ട്സ്റ്റാന്‍ഡിങ് കരിയര്‍ പുരസ്‌കാരം ബ്രസീലിന്റെ ഫാല്‍ക്കാവോ സ്വന്തമാക്കി. ഫിഫ ഫയര്‍ പ്ലെ പുരസ്‌കാരം കൊളംബിയന്‍ ക്ലബ് അത്‌ലറ്റിക്കോ നാഷണലിനു ലഭിച്ചു.
ഫിഫ ലോക ഇലവന്‍: ഗോള്‍ കീപ്പര്‍- മാനുവല്‍ നൂയര്‍.
പ്രതിരോധം- ഡാനി ആല്‍വ്‌സ്, ജെറാര്‍ഡ് പീക്വെ, സെര്‍ജിയോ റാമോസ്, മാഴ്‌സെലോ.
മധ്യനിര- ലൂക മോഡ്രിച്, ടോണി ക്രൂസ്, ആന്ദ്രെ ഇനിയെസ്റ്റ.
മുന്നേറ്റം- ലയണല്‍ മെസ്സി, ലൂയീസ് സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."