ജീവനാംശക്കേസില്‍ വിധിക്കുമുന്‍പ് ഭര്‍ത്താവിന്റെ സ്വത്ത് ജപ്തിചെയ്യാന്‍ ഉത്തരവ്
താമരശേരി: ജീവനാംശം ആവശ്യപ്പെട്ട് വിവാഹമോചിതയായ യുവതി നല്കിയ പരാതിയില്‍ കേസ് വിധിയാകുന്നതിനു മുന്‍പ് മുന്‍ ഭര്‍ത്താവിന്റെ സ്വത്ത് ജപ്തി ചെയ്യാന്‍ ഉത്തരവ്.
യുവതിയുടെ മുന്‍ ഭര്‍ത്താവ് താമരശേരി വെളിമണ്ണ വെള്ളച്ചാലില്‍ തട്ടാഞ്ചേരി ഷംസീറി(29)ന് എതിരായി താമരശേരി ചമല്‍ സ്വദേശി ആയിഷത്ത് സുഹറ നല്കിയ പരാതിയിലാണ് താമരശേരി ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട്-ഒന്ന് സ്വത്ത് ജപ്തി ചെയ്യുന്നതിനുത്തരവിട്ടത്. കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിനാണ് ഭര്‍ത്താവ് ഷംസീര്‍ മുത്വലാഖ് ചൊല്ലി യുവതിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത്.
മുസ്ലിം വനിതാ സംരക്ഷണ നിയമപ്രകാരം അര്‍ഹതപ്പെട്ട അവകാശങ്ങള്‍ മുന്‍ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്നതിനായി കഴിഞ്ഞ ഡിസംബര്‍ 14നാണ് വിവാഹമോചിതയായ യുവതി കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. 40,05,000 രൂപ ജീവനാംശം ആവശ്യപ്പെട്ടായിരുന്നു കേസ്. തനിക്ക് ജീവനാംശം നല്കാതിരിക്കാനായി സ്വത്ത് കൈമാറ്റം ചെയ്യാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായി യുവതി കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് കേസില്‍ വിധി വരുന്നതിന് മുന്‍പ് മുന്‍ ഭര്‍ത്താവിന്റെ സ്വത്ത് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
വിധി വരുന്നതിന് മുന്‍പ് സ്വത്ത് ജപ്തി ചെയ്തില്ലെങ്കില്‍ യുവതിക്ക് അര്‍ഹമായ ജീവനാംശം നിഷേധിക്കപ്പെടുമെന്നും കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."