കുരുക്കഴിക്കാന്‍ ക്രമീകരണം
കണ്ണൂര്‍: കലോത്സവ നഗരിക്ക് ഏറ്റവും വെല്ലുവിളിയാകാനിടയാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ വിപുലമായ ഒരുക്കങ്ങളുമായി ഗതാഗത കമ്മിറ്റി പദ്ധതി തയാറാക്കി. 16 മുതല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കി തുടങ്ങും. കലോത്സവ വേദിക്കരികിലേക്ക് വി.ഐ.പി വാഹനങ്ങളും പ്രത്യേക പാസ് ഏര്‍പ്പെടുത്തിയ വാഹനങ്ങളും മാത്രമേ പ്രവേശിപ്പിക്കൂ. വേദിക്കരികില്‍ എവിടെയും പാര്‍ക്കിങ് അനുവദിക്കുന്നതല്ല. പാര്‍ക്കിങിനായി മൂന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലം ഉള്‍പ്പടെ 20 കേന്ദ്രങ്ങള്‍ സജ്ജമാക്കും. മൂന്ന് റോഡുകള്‍ വണ്‍വേ സംവിധാനത്തിലായിരിക്കും. 10 കേന്ദ്രങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ക്കിങ് അനുവദിക്കില്ല.
വരവറിയിച്ച് കണ്ണൂരില്‍ കൂട്ടയോട്ടം
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രചാരണാര്‍ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ നിന്നാരംഭിച്ച കൂട്ടയോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കലോത്സവ സബ് കമ്മിറ്റി ഭാരവാഹികള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍ പങ്കാളികളായി. മുന്‍സിപ്പല്‍ സ്‌കൂളില്‍ നിന്നാരംഭിച്ച് നഗരംചുറ്റി സ്‌കൂളില്‍ സമാപിച്ച പരിപാടിക്ക് കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. പി ഇന്ദിര, ജില്ലാ വിദ്യാഭ്യാസ ഡയരക്ടറുടെ അഡ്മി നിസ്‌ട്രേറ്റീവ് അസി. സി.പി പത്മരാജന്‍, പബ്ലിസിറ്റി കണ്‍വീനര്‍ കെ.എന്‍ വിനോദ്, അധ്യാപക സംഘടനാ പ്രതിനിധികള്‍ നേതൃത്വം നല്‍കി.
കെ.സി കടമ്പൂരാന് നാടിന്റെ യാത്രാമൊഴി
കണ്ണൂര്‍: കടമ്പൂരിന്റ നാമം ദേശീയതലത്തില്‍ ശ്രദ്ധേയമാക്കിയ കെ.സി അനന്തന്‍ എന്ന കടമ്പൂരാന് നാടിന്റെ യാത്രാമൊഴി. ഭൗതിക ശരീരം ഒരുനോക്ക് കാണാന്‍ നാനാതുറയിലുള്ളവര്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തിയിരുന്നു. കെ.സിയോടുള്ള ആദരസൂചകമായി ഇന്നലെ ഉച്ചവരെ കടമ്പൂര്‍, മുഴപ്പിലങ്ങാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ ആചരിച്ചു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, മുന്‍ മന്ത്രിമാരായ കെ സുധാകരന്‍, കെ.സി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി രാമകൃഷ്ണന്‍, കെ.പി കുഞ്ഞിക്കണ്ണന്‍, സജീവ് ജോസഫ്, സുമാ ബാലകൃഷ്ണന്‍, ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍, എം.എല്‍.എമാരായ സണ്ണി ജോസഫ്, എല്‍ദോസ് കുന്നപ്പള്ളി, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ് തുടങ്ങിയവര്‍ കെ.സിയുടെ വീട്ടില്‍ എത്തി. ഭൗതിക ശരീരം വിലാപയാത്രയായി സേവാദള്‍ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ ഉച്ചയോടെ കണ്ണൂരിലേക്ക് പുറപ്പെട്ടു. എടക്കാട് ബസാറില്‍ കടമ്പൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റു കൂടിയായ കടമ്പൂരാന്റെ ഭൗതിക ശരീരം ബാങ്കിന് സമീപം പൊതുദര്‍ശനത്തിന് വച്ചു. 12.45ഓടെ മഹാത്മ മന്ദിരത്തില്‍ കടമ്പൂരാന്റെ ഭൗതിക ശരീരവുമായി അലങ്കരിച്ച വാഹനം എത്തി. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, മുന്‍ എം.എല്‍.എമാരായ കെ.ടി കുഞ്ഞഹമ്മദ്, എ. പി അബ്ദുല്ലക്കുട്ടി, യു.ഡി.എഫ് ചെയര്‍മാന്‍ പ്രൊഫ. എ. ഡി മുസ്തഫ, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി ജോസ്, മുസ്‌ലീം ലീഗ് നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, പി കുഞ്ഞിമുഹമ്മദ്, അബ്ദുല്‍ കരീം ചേലേരി, അബ്ദുറഹ്മാന്‍ കല്ലായി, വി.പി വമ്പന്‍, സി സമീര്‍, ജനതാദള്‍ നേതാവ് പി.പി ദിവാകരന്‍ തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
കെ.പി.സി.സി പ്രസിഡന്റിന് വേണ്ടി ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും, എ.കെ ആന്റണിക്ക് വേണ്ടി കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി.എ നാരായണനും, കെ മുരളീധരന് വേണ്ടി പടിയൂര്‍ ദാമോദരനും റീത്ത് സമര്‍പ്പിച്ചു. മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു. തുടര്‍ന്ന് അനുസ്മരണ യോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."