രഹസ്യരേഖകള്‍ ചോര്‍ത്തിയത് റഷ്യയെന്ന് കരുതുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ രഹസ്യരേഖകള്‍ ചോര്‍ത്തിയത് റഷ്യയാണെന്ന് കരുതുന്നതായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് അമേരിക്കന്‍ ഇലക്ഷനില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായതായി ട്രംപ് സമ്മതിക്കുന്നത്. നേരത്തെ ആരോപണം ഉയര്‍ന്നപ്പോഴെല്ലാം ട്രംപ് നിഷേധിച്ചിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ തന്നെ ജയിപ്പിക്കാനുള്ള ഇടപെടല്‍ റഷ്യ നടത്തിയിട്ടില്ലെന്ന് ട്രംപ് ആവര്‍ത്തിച്ചു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത ഔദ്യോഗിക പത്രസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പില്‍ തനിക്കെതിരായി എന്തെങ്കിലും തെളിവു ലഭിച്ചിരുന്നെങ്കില്‍ റഷ്യ അത് പുറത്തുവിട്ടേനെയെന്നും ട്രംപ് പറഞ്ഞു. തന്റെ വിജയത്തില്‍ റഷ്യയുടെ ഇടപെടലുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച മാധ്യമങ്ങളെ ട്രംപ് നിഷിതമായി വിമര്‍ശിച്ചു. മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ പലതും വ്യാജവാര്‍ത്തകളാണ്. തനിക്കെതിരേ ഉന്നയിച്ചിട്ടുള്ളതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നും ട്രംപ് പറഞ്ഞു.
തനിക്ക് റഷ്യയുമായി യാതൊരുവിധത്തിലുള്ള രഹസ്യ ഇടപാടുകളുമില്ല. താന്‍ ഭരിക്കുമ്പോള്‍ റഷ്യ കൂടുതല്‍ ബഹുമാനം നല്‍കുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍, ചൈനയക്കെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ട്രംപ് ഉന്നയിച്ചത്. യു.എസിലെ 22 മില്യണ്‍ അക്കൗണ്ടുകളാണ് ചൈന ഹാക്ക് ചെയ്തിരിക്കുന്നത്. റഷ്യയും ചൈനയും അമേരിക്കയെയാണ് ഹാക്ക് ചെയ്യുന്നത്. ഇത്തരം ഹാക്കിങ്ങുകള്‍ തടയാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞ ട്രംപ്. അമേരിക്ക കണ്ട ഏറ്റവും മികച്ച തൊഴില്‍ദാതാവാകുമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."