ഫാസിസത്തിനെതിരേ നടന്‍ അലന്‍സിയറുടെ ഒറ്റയാള്‍ നാടകം
കാസര്‍കോട്: അര്‍ധ നഗ്‌നനായി ഒരാള്‍ നഗരത്തില്‍ ഓടുന്നതുകണ്ട് ജനം അത്ഭുതപ്പെട്ടു. കയ്യില്‍ കിലുക്കാന്‍പെട്ടിയുമായാണ് ആളുകള്‍ക്കിടയിലേക്ക് അയാള്‍ ഇറങ്ങി വന്നത്. കാര്യമറിയാതെ നാട്ടുകാര്‍ അന്തിച്ചു നിന്നു. അമേരിക്കയ്ക്ക് പോകാന്‍ ടിക്കറ്റ് വേണമെന്ന് അയാള്‍ നാട്ടുകാരോട് ആവശ്യപ്പെട്ടു. രാജ്യസ്‌നേഹിയുടെ സര്‍ട്ടിഫിക്കറ്റ് തേടുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അനുദിക്കുന്നില്ലെന്നും അതിനാല്‍ അമേരിക്കയിലോ മറ്റോ പോയി രക്ഷപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പം വന്ന ആളുകളെ തിരയുന്നതിനിടേ കേന്ദ്രസര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സംഘവും ചുറ്റും കൂടിനിന്നു. ഇതോടെയാണ് നാട്ടുകാര്‍ക്ക് ഇതൊരു പ്രതിഷേധ നാടകമാണെന്ന് മനസിലായത്. മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ പ്രശസ്തനായ അലന്‍സിയറാണ് സംഘപരിവാര്‍ സംഘടനകളുടെ ഫാസിസ്റ്റ് നിലപാടിനെതിരേ ഒറ്റയാള്‍ നാടകവുമായി നഗരത്തിലിറങ്ങിയത്.
സംവിധായകന്‍ കമലിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട സംഘപരിവാര്‍ ഫാസിസത്തിനെതിരേയാണ് ഏകാംഗ നാടകം. മുണ്ട് ഊരി അമേരിക്കന്‍ പതാക അടിവസ്ത്രമാക്കി സായിപ്പിനെപോലെയാണ് ഇന്നലെ നഗരത്തില്‍ അദ്ദേഹം അഭിനയം പൂര്‍ത്തിയാക്കിയത്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു അലന്‍സിയര്‍. തന്റെതായ പ്രതിഷേധം ജനങ്ങളെ അറിയിച്ച് വൈകുന്നേരത്തോടെ അയാള്‍ ഓട്ടോയില്‍ തിരിച്ചുപോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."