സഹാറ: മോദിയ്ക്കെതിരായ ഹരജി സുപ്രിം കോടതി തള്ളി
ന്യൂഡല്‍ഹി: സഹാറ-ബിര്‍ള ഡയറികളിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്പര്യ ഹരജി സുപ്രിം കോടതി തള്ളി.
തെളിവുകള്‍ അപര്യാപ്തമായ സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടാനാവില്ലെന്ന് പറഞ്ഞാണ് പ്രശാന്ത് ഭൂഷണ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി തള്ളിയത്. വിശ്വാസ യോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ അന്വേഷണത്തിന് ഉത്തരവിടാനാകു എന്നും കോടതി വ്യക്തമാക്കി.
2013-14 വര്‍ഷം സഹാറ-ബിര്‍ള വ്യവസായ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിനിടയില്‍ പിടിച്ചെടുത്ത ഡയറികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയക്കാരുടെ പേരുകള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിക്ക് കോടികള്‍ കോഴ നല്‍കിയെന്ന് രേഖപ്പെടുത്തിയിരുന്ന ഡയറികളാണ് റെയ്ഡില്‍ കണ്ടെത്തിയത്. മോദിയടക്കം നിരവധി രാഷ്ട്രീയക്കാര്‍ക്ക് പണം നല്‍കിയതിന്റെ വെളിപ്പെടുത്തലുകളായിരുന്നു ഇതിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."