അങ്കണവാടി കെട്ടിടം തകര്‍ന്നു; രണ്ട് കുട്ടികള്‍ക്ക് പരുക്ക്
കാവുമന്ദം: തരിയോട് ഗ്രാമ പഞ്ചായത്തിലെ എച്ച്.എസ് കവലക്ക് സമീപത്തെ മടത്തുവയല്‍ 78ാം നമ്പര്‍ അങ്കണവാടിയുടെ മുന്‍വശം തകര്‍ന്ന് രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റു. പൂരത്തറ അനീഷിന്റെ മകള്‍ മയൂഖ, കുറ്റിയില്‍ ഷൗക്കത്തലിയുടെ മകന്‍ മുഹമ്മദ് ത്വാഹിര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
സ്വകാര്യ വ്യക്തിയുടെ ഏറെ പഴക്കംചെന്ന കെട്ടിടത്തിലാണ് അങ്കണവാടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്നലെ രാവിലെ 11.30ഓടെ അങ്കണവാടിയുടെ മുന്‍വശത്തെ മേല്‍ക്കൂര പാടെ തകര്‍ന്ന് വീഴുകയായിരുന്നു. ആകെ 16 കുട്ടികള്‍ പഠിക്കുന്ന ഈ അങ്കണവാടിയില്‍ ഇന്നലെ ഒന്‍പത് കുട്ടികളും അധ്യാപികയും സഹായിയുമായിരുന്നു സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നത്.
കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം. തകര്‍ന്നുവീണ ഭാഗത്താണ് സ്ഥിരമായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ഭക്ഷണ വിതരണ സമയത്തായിരുന്നു സംഭവമെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. എങ്കിലും പുറത്തേക്കിറങ്ങാന്‍ തുടങ്ങുകയായിരുന്ന കുട്ടികളെ സമയോചിതമായി അധ്യാപിക വസന്ത കുമാരിയും സഹായി പ്രിന്‍സിയും ചേര്‍ന്ന് മാറ്റി നിര്‍ത്തിയതാണ് ഏറെ രക്ഷയായത്. ഒന്‍പത് വര്‍ഷം മുന്‍പാണ് ഈ അങ്കണവാടി പ്രവര്‍ത്തനമാരംഭിച്ചത്.
തുടക്കത്തില്‍ പ്രദേശത്തെ ഓരോ വീടുകള്‍ തോറുമായിരുന്നു ഇതിന്റെ പ്രവര്‍ത്തനം. തുടര്‍ന്ന് അഞ്ച് വര്‍ഷത്തോളമായി നിലവിലെ കെട്ടിടത്തിലേക്ക് മാറിയിട്ട്. ഏറെ ശോചനീയമായ ഈ കെട്ടിടത്തിലെ അങ്കണവാടിക്ക് മതിയായ സുരക്ഷിതത്വമില്ലാത്തതും ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം എന്നിവ ഇല്ലാത്തതിനെ തുടര്‍ന്ന് സി.ഡബ്ല്യു.സി കഴിഞ്ഞ വര്‍ഷം സ്വമേധയാ കേസെടുത്തിരുന്നു. തുടര്‍ന്ന് മതിയായ സൗകര്യമൊരുക്കുന്നതിനായി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ മതിയായ സ്ഥലസൗകര്യം ലഭിക്കാത്തതും കെട്ടിടം പണിക്കാവശ്യമായ ഫണ്ടില്ലാത്തതും അങ്കണവാടി നിര്‍മാണത്തിന് വിലങ്ങുതടിയായി. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തിനാവശ്യമായ ഫണ്ടിനായി സാമൂഹ്യ നീതി വകുപ്പിനോട് അപേക്ഷിക്കുവാന്‍ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും ഉണ്ടാവാത്തതിനാല്‍ അങ്കണവാടി ഈ കെട്ടിടത്തില്‍ തന്നെ തുടരുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."