മലബാറിലെ ആദ്യത്തെ ഗ്രാമകോടതി വൈത്തിരിയില്‍
വൈത്തിരി: മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയം (ഗ്രാമ കോടതി) വൈത്തിരിയില്‍ ജൂണ്‍ നാലിന് പ്രവര്‍ത്തനമാരംഭിക്കും. ഗ്രാമ പ്രദേശത്തുള്ളവര്‍ക്ക് വളരെ എളുപ്പത്തിലും ചെലവ് കുറഞ്ഞ രീതിയിലും നീതി ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ 2008ല്‍ പാസാക്കിയ ഗ്രാമ ന്യായാലയാസ് ആക്ട് അനുസരിച്ചാണിത് സ്ഥാപിക്കുന്നത്.
2009 ഒക്‌ടോബര്‍ രണ്ട് മുതല്‍ പ്രാബല്യമുള്ള ഈ നിയമമനുസരിച്ച് രാജ്യത്ത് 5000 ഗ്രാമ കോടതികള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ഇതുവരെ 200ല്‍ താഴെ ഗ്രാമകോടതികള്‍ മാത്രമേ സ്ഥാപിക്കപ്പെട്ടിട്ടുള്ളൂ.
ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന പഞ്ചായത്തുകളാണ് ഗ്രാമ കോടതിയുടെ അധികാര പരിധിയില്‍ വരുന്നത്.
ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് തുല്യമായ ന്യായാധികാരിയാണ് കോടതിയുടെ അധികാരി. സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയുമായി ആലോചിച്ചാണ് നിയമനം. വിപുലമായ പരസ്യം നല്‍കി അധികാര പരിധിയിലുള്ള ഏത് സ്ഥലത്തും ഒരു മൊബൈല്‍ കോടതിയായി പ്രവര്‍ത്തിക്കാന്‍ ഈ കോടതിക്ക് സാധിക്കും. സിവില്‍-ക്രിമിനില്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരവും ഗ്രാമ കോടതിക്കുണ്ട്. ജില്ലാ കോടതി, ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് എന്നിവ മുന്‍കൈയെടുത്താണ് ജില്ലയില്‍ ഗ്രാമകോടതി സ്ഥാപിക്കുന്നത്.
ഗ്രാമകോടതി അധികാര പരിധിയില്‍ വരുന്ന വെങ്ങപ്പള്ളി, വൈത്തിരി, പൊഴുതന, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തുകളും ഗ്രാമകോടതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. ജൂണ്‍ നാലിന് നടക്കുന്ന ഗ്രാമകോടതിയുടെ ഉദ്ഘാടനം സംബന്ധിച്ച യോഗത്തില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ഡോ. വി വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാ കുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്‍, അഡീഷണല്‍ ഡിസ്ട്രിക് ജഡ്ജ്-1 എസ്.എച്ച് പഞ്ചാപകേശന്‍, എം.എ.സി.റ്റി ജഡ്ജ് ശശിധരന്‍, അഡീഷണല്‍ ഡിസ്ട്രിക്ട് ജഡ്ജ്-2 ഇ അയ്യൂബ് ഖാന്‍, കല്‍പ്പറ്റ മുന്‍സിഫ് ആര്‍.എം സല്‍മത്ത്, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എന്‍.ജെ അനസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."