കൃഷി ഓഫിസര്‍മാരില്ല; പദ്ധതികള്‍ മന്ദഗതിയില്‍
മാനന്തവാടി: കൃഷി ഭവനുകളില്‍ കൃഷി ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൂലം തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം അവതാളത്തിലാകുന്നു.
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടര മാസം മാത്രമാണുള്ളതെന്നത് പല പദ്ധതികളുടെ പൂര്‍ത്തീകരണവും ആശങ്കയിലാക്കുകയാണ്. കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, തവിഞ്ഞാല്‍, എടവകകൃഷി ഭവനുകളിലാണ് മാസങ്ങളായി കൃഷി ഓഫിസര്‍മാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്.
നിലവില്‍ മാനന്തവാടി കൃഷി ഓഫിസര്‍ക്ക് തവിഞ്ഞാലിന്റെയും വെള്ളമുണ്ട ഓഫിസര്‍ക്ക് എടവകയുടെയും പുല്‍പ്പള്ളി കൃഷി ഓഫിസര്‍ക്ക് മുള്ളന്‍കൊല്ലിയുടെയും മേപ്പാടി കൃഷി ഓഫിസര്‍ക്ക് കല്പ്പറ്റയുടെയും ചാര്‍ജ് നല്‍കിയിരിക്കുകയാണ്. ആഴ്ചയില്‍ പകുതി ദിവസങ്ങള്‍ വീതം രണ്ട് ഓഫിസുകളിലും എത്തിയാണ് ഇവര്‍ ജോലി ചെയ്യുന്നത്. കൃഷി ഓഫിസര്‍മാരില്ലാത്തതിനാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന കര്‍ഷകര്‍ നിരാശരായി മടങ്ങുകയാണ്.
തദ്ദേശസ്ഥാപനങ്ങളുടെ കൃഷി അനുബന്ധ മേഖലയിലെ പ്രൊജക്ടുകളുടെ നിര്‍വഹണ ചുമതല കൃഷി ഓഫിസര്‍മാര്‍ക്കാണ്.
വിവിധ ഓഫിസുകളുടെ അധിക ചുമതല വഹിക്കുന്ന കൃഷി ഓഫിസര്‍മാര്‍ക്ക് യഥാസമയം രണ്ട് ഓഫിസുകളിലെയും ജോലി സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതു മൂലം തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി ചിലവിനത്തിലാണ് കുറവ് വരുന്നത്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം രണ്ട് തവണ ജില്ലയില്‍ എത്തിയ കൃഷി മന്ത്രിക്ക് മുന്നില്‍ ഒഴിവുകള്‍ നികത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
മറ്റ് ജില്ലകളില്‍ തസ്തികകളില്‍ എംപ്ലോയിമെന്റ് വഴി നിയമനം നടന്നു കഴിഞ്ഞു. അതിനാല്‍ ജില്ലയില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അന്യജില്ലകളിലാണ് ജോലി ചെയ്യുന്നത്. ജില്ലയിലെ ഒഴിവുകള്‍ നികത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."