എക്‌സൈസ് റേഞ്ച് ഓഫിസിന് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കാന്‍ തീരുമാനം
നെടുമങ്ങാട്: ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫിസിന് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം നല്‍കാന്‍ ആര്യനാട് പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമായി.ആര്യനാട് ആനന്ദേശ്വരത്ത് കഴിഞ്ഞ ഇടത് പഞ്ചായത്ത് ഭരണസമിതി വാങ്ങിയ വസ്തുവില്‍ നിന്ന് 10 സെന്റ് ഭൂമിയാണ് വിട്ടു നല്‍കുന്നത്.ഇതോടെ എക്‌സൈസ് ഓഫിസ് ആര്യനാട് നിന്നും സമീപ പഞ്ചായത്തിലേക്ക് മാറ്റുന്നുവെന്ന പ്രചാരണങ്ങള്‍ക്ക് അറുതിയായി.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് ആര്യനാട് മേലേച്ചിറയില്‍ കെ.എസ്.ഇ.ബി സബ്‌സ്റ്റേഷനായി കണ്ടെത്തിയ വസ്തുവിന് സമീപം 10 സെന്റ് ഭൂമി എക്‌സൈസ് ഓഫിസ് മന്ദിരത്തിനായി നല്‍കാന്‍ ധാരണയായിരുന്നു. തുടര്‍ന്ന് മന്ദിര നിര്‍മാണത്തിനായി 90 ലക്ഷം രൂപയും അനുവദിച്ചു.
എന്നാല്‍ കുളം നികത്തിയ ഭൂമിയില്‍ കെട്ടിടം നിര്‍മാണം അനുവദിക്കാനാകില്ലെന്ന് റവന്യു വകുപ്പ് നിലപാടെടുത്തു. പകരം വസ്തു നല്‍കാനോ, വസ്തു വാങ്ങി നല്‍കുവാനോ ആര്യനാട് പഞ്ചായത്തിനായില്ല. ഇതേ തുടര്‍ന്ന് ആര്യനാട് എക്‌സൈസ് റേഞ്ച് പരിധിയില്‍പ്പെടുന്ന വില്ലേജ് ഓഫിസര്‍മാര്‍ക്കും, പഞ്ചായത്ത് അധികൃതര്‍ക്കും സര്‍ക്കാര്‍ ഭൂമിയുണ്ടെങ്കില്‍ കെട്ടിടം നിര്‍മിക്കുന്നതിനായി കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് വകുപ്പ് കത്ത് നല്‍കി. കെട്ടിടത്തിന് വസ്തു കണ്ടെത്താനാകാതെ വന്നാല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച തുക ലാപ്‌സാകുന്ന സ്ഥിതിയായി.
ഇതേ തുടര്‍ന്ന് ഉഴമലയ്ക്കല്‍ പഞ്ചായത്ത് സ്ഥലം നല്‍കാമെന്ന് മറുപടി നല്‍കി. എന്നാല്‍ ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫിസ് ഇവിടെ നിന്നും മാറ്റുന്നത് ഗുണകരമല്ലാതാവുമെന്ന വിലയിരുത്തലുണ്ടായി. എക്‌സൈസ് ഓഫിസ് സമീപ പഞ്ചായത്തിലേക്ക് മാറ്റുന്നതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
തുടര്‍ന്നാണ് നിലവില്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള ആനന്ദേശ്വരത്തെ ഭൂമിയില്‍ നിന്ന് 10 സെന്റ് എക്‌സൈസ് വകുപ്പിന് കെട്ടിടം നിര്‍മിക്കാന്‍ നല്‍കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തത്.
തുടര്‍ നടപടികള്‍ക്കാക്കി അനുമതിപത്രം എക്‌സൈസ് വകുപ്പിന് കൈമാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."