തിരുപുറം ഏലായില്‍ വെള്ളമെത്തിച്ചു; കര്‍ഷകര്‍ക്ക് ആശ്വാസം
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് തിരുപുറം ഏലായില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികള്‍ ഇറിഗേഷന്‍ വകുപ്പ് ആരംഭിച്ചു. വെള്ളമില്ലാത്തതിനെ തുടര്‍ന്ന് എഴുപതോളം ഹെക്ടര്‍ നെല്‍കൃഷി നശിച്ചു പോകുമെന്ന ആശങ്കയിലായിരുന്ന കര്‍ഷകര്‍ക്ക് നടപടി ആശ്വാസമായി.
പ്രശ്‌നത്തെ കുറിച്ച് ജനുവരി ഒമ്പതിന് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. അന്ന് വൈകിട്ടാണ് നടപടികള്‍ തുടങ്ങിയത്. വായ്പ്പയെടുത്തും അല്ലാതെയും നൂറുകണക്കിന് കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്. വേനല്‍ കടുത്തതോടെ പാടശേഖരങ്ങള്‍ വരണ്ട് വിണ്ടു കീറാന്‍ തുടങ്ങി. കര്‍ഷകരും പാടശേഖരസമിതിയും അപ്പോള്‍തന്നെ ഇറിഗേഷന്‍ വകുപ്പിനെ സമീപിച്ചെങ്കിലും അധികൃതര്‍ അനങ്ങാപ്പാറ നയമായിരുന്നു സ്വീകരിച്ചത്. തുടര്‍ന്നാണ് 'നെല്‍പാടങ്ങള്‍ വരണ്ട് വിണ്ടു കീറി; നോക്കുകുത്തിയായി ഇറിഗേഷന്‍ വകുപ്പ് ' എന്ന തലക്കെട്ടില്‍ സുപ്രഭാതം വാര്‍ത്ത നല്‍കിയത്.
പാടശേഖരസമിതിയും പാറശാല ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മോഹന്‍ദാസും വാര്‍ത്ത ജലസേചന മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തി. മന്ത്രിമാരുടെ നിര്‍ദേശത്തെ തുടര്‍ന്ന അന്നു വൈകിട്ട് ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ വെളളമെത്തിക്കുവാനുളള നടപടികള്‍ ആരംഭിക്കുകയുമായിരുന്നു.
ഒന്നര കോടിയോളം രൂപയുടെ കാര്‍ഷിക നഷ്ടമാണ് അടിയന്തര നടപടിയിലൂടെ ഒഴിവായത്. അതേ സമയം കര്‍ഷകര്‍ നെട്ടോട്ട മോടിയിട്ടും ഇറിഗേഷന്‍ വകുപ്പിന്റെ ചുവടുപിടിച്ച് പഞ്ചായത്തുകള്‍ യാതൊരുനടപടിയും സ്വീകരിച്ചില്ലന്ന് കര്‍ഷകരും നാട്ടുകാരും പാടശേഖരസമിതിയും കുറ്റപ്പെടുത്തി. തിരുപുറത്തുളള പാടശേഖരം തിരുപുറം പഞ്ചായത്തിലും പൂവാര്‍ പഞ്ചായത്തിലുമായിട്ടാണ് വ്യാപിച്ചുകിടക്കുന്നത്. നെയ്യാറിലെ ജലം വേനലില്‍ കര്‍ഷകര്‍ക്ക് നല്‍കാതെയുളള അധികൃതരുടെനടപടിയില്‍ താലൂക്കിലെ മുഴുവന്‍ കര്‍ഷകരും ആശങ്കയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."