രണ്ടാം സന്നാഹം: ഇന്ത്യക്ക് ആറു വിക്കറ്റ് ജയം
മുംബൈ: ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ആറു വിക്കറ്റ് ജയം. ഇംഗ്ലണ്ട് ഇലവന്റെ 283 റണ്‍സ് വിജയ ലക്ഷ്യം 62 പന്ത് ബാക്കി നില്‍ക്കെ നാലുവിക്കറ്റ് നഷ്ടപ്പെടുത്തി സ്വന്തമാക്കുകയായിരുന്നു ഇന്ത്യ.
ഇംഗ്ലണ്ടിന്റെ മികച്ച സ്കോറിനെ ഒട്ടും ഭയക്കാതെയാണ് ഇന്ത്യ ബാറ്റ് വീശിയത്. ധോണിക്ക് പകരം രണ്ടാം മത്സരത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത അജിന്‍ക്യ രഹാനെ(91) ഷെല്ദന് ജാക്സന്(59) സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. 18.5 ഓവറില്‍ ഇവര്‍ 119 റണ്‍സാണ് ചേര്‍ത്തത്. ഇരുവരും ആക്രമാസക്തമായിട്ടാണ് ബാറ്റ് ചെയ്തത്. 83 പന്ത് നേരിട്ട രഹാനെ 10 ബൗണ്ടറിയും ഒരു സിക്സറും പറത്തി. ജാക്സന് 56 പന്ത് നേരിട്ട് ഏഴു ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. ജാക്സനെ പുറത്താക്കി മോയിന്‍ അലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
എന്നാല്‍ ഋഷഭ് പന്ത്(59) രഹാനെയ്ക്കൊപ്പം ചേര്‍ന്നതോടെ സ്കോര്‍ അതിവേഗം ഉയര്‍ന്നു. ഋഷഭ് 36 പന്ത് മാത്രം നേരിട്ട് എട്ടു ബൗണ്ടറിയും രണ്ടു സിക്സറുമടിച്ചു. ആദില്‍ റഷീദാണ് ഋഷഭിനെ മടക്കിയത്. പിന്നീടെത്തിയ സുരേഷ് റെയ്ന(45)യും വെടിക്കെട്ട് ബാറ്റിങാണ് പുറത്തെടുത്തത്. 34 പന്ത് നേരിട് റെയ്ന ഏഴു ബൗണ്ടറിയടിച്ചു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു രഹാനെ നിര്‍ഭാഗ്യം കൊണ്ടാണ് പുറത്തായത്. റെയ്ന പുറത്തായ ശേഷംവന്ന ദീപക് ഹൂഡ(23*) ഇഷാന് കിഷന്(5*) എന്നിവര്‍ ചേര്‍ന്ന് വേഗത്തില്‍ ഇന്ത്യക്ക് ജയം സമ്മാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജേസന്‍ റോയ്(25) പെട്ടെന്ന് പുറത്തായെങ്കിലും അലക്സ് ഹെയ്ല്‍സ്(51) ജോണി ബെയര്‍ സ്റ്റോ(64) എന്നിവര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ടിന് മുന്നോട്ട് നയിച്ചത്. ബെന്‍ സ്റ്റോക്സ്(38) ആദില്‍ റഷീദ്(39) ഡേവിഡ് വില്ലി(38*) എന്നിവരുടെ മികച്ച ഇന്നിങ്സുകളും ഇംഗ്ലീഷ് ടീമിന്റെ സ്കോര്‍ 280 കടത്തി. എന്നാല്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന്(0) നിരാശപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."