സ്പാനിഷ് കപ്പ്: ബാഴ്‌സ ക്വാര്‍ട്ടറില്‍
മാഡ്രിഡ്: പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ തോറ്റതിന് സ്വന്തം തട്ടകത്തില്‍ ബാഴ്‌സലോണ കണക്കുതീര്‍ത്തു. സ്പാനിഷ് കോപ്പ ഡെല്‍ റേയില്‍ അത്‌ലറ്റിക് ബില്‍ബാവോയെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ ക്വാര്‍ട്ടറില്‍ കടന്നു. ഇരുപാദങ്ങളിലുമായി 4-3നാണ് ബാഴ്‌സ ജയം സ്വന്തമാക്കിയത്. ലയണല്‍ മെസ്സി, ലൂയി സുവാരസ്, നെയ്മര്‍ എന്നിവര്‍ കറ്റാലന്‍ പടയ്ക്ക് വേണ്ടി ഗോള്‍ നേടി.
നേരത്തെ ആദ്യ പാദത്തില്‍ 2-1ന് ബാഴ്‌സ തോറ്റിരുന്നു. എന്നാല്‍ ഇതിന്റെ സമ്മര്‍ദമൊന്നുമില്ലാതെയാണ് ടീം കളിക്കാനിറങ്ങിയത്. പക്ഷേ ഗോള്‍ നേടാന്‍ ടീമിന് 30 മിനുട്ടിലധികം കാത്തിരിക്കേണ്ടി വന്നു. നെയ്മറും സുവാരസുമാണ് ആദ്യ പകുതിയില്‍ മികച്ചു നിന്നത്. ഇനിയേസ്റ്റയുടെ തകര്‍പ്പന്‍ പാസുകളില്‍ നിന്ന് നെയ്മര്‍ക്ക് ഗോള്‍ ഒന്നിലധികം അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
35ാം മിനുട്ടില്‍ ബാഴ്‌സ കാത്തിരുന്ന ഗോളെത്തി. മെസ്സിയുടെ മികച്ച പാസ് സ്വീകരിച്ച് മുന്നേറിയ നെയ്മര്‍ സുവാരസിന് നല്‍കി. താരം മികച്ചൊരു വോളിയിലൂടെ സ്‌കോര്‍ ചെയ്യുകയായിരുന്നു. ബാഴ്‌സയ്ക്കായി സുവാരസിന്റെ 100ാം ഗോളായിരുന്നു ഇത്. ആദ്യ പകുതി ഒരു ഗോളിന്റെ മുന്‍തൂക്കത്തില്‍ അവസാനിപ്പിക്കാന്‍ ബാഴ്‌സയ്ക്ക് സാധിച്ചു.
രണ്ടാം പകുതി ആരംഭിച്ച് മൂന്നു മിനുട്ടിനുള്ളില്‍ തന്നെ ബാഴ്‌സ ലീഡ് ഉയര്‍ത്തി. ബില്‍ബാവോ താരം എനകോ ബോവെദ നെയ്മറെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി താരം തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. എന്നാല്‍ മൂന്നു മിനുട്ടിനുള്ളില്‍ ബില്‍ബാവോ തിരിച്ചടിച്ചു. ഇനാകി വില്യംസ് ഒരുക്കികൊടുത്ത അവസരം മുതലെടുത്ത് സാബോറിത്ത് ബില്‍ബാവോയുടെ രക്ഷകനായി.
ഇതോടെ ബാഴ്‌സ സമ്മര്‍ദത്തിലായി. ചില അവസരങ്ങള്‍ ടീം നഷ്ടപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ 78ാം മിനുട്ടില്‍ സെറ്റ് പീസ് ഗെയിമിലൂടെ ബില്‍ബാവോയുടെ പ്രതിരോധത്തെ തകര്‍ത്ത് മെസ്സി ടീമിന്റെ വിജയ ഗോളും ക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റും സ്വന്തമാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."