ഇടക്കിടെയുള്ള ഡീസല്‍ വില വര്‍ധനവ്; മത്സ്യമേഖല ആശങ്കയില്‍
പൊന്നാനി: ഇടക്കിടെയുള്ള ഡീസല്‍ വിലവര്‍ധനവില്‍ സഹികെടുകയാണു മല്‍സ്യബന്ധന മേഖല . കഴിഞ്ഞ ദിവസം ഡീസല്‍ വിലയില്‍ 3.11 രൂപ വര്‍ധിപ്പിച്ചതു മല്‍സ്യബന്ധന ബോട്ടുകളെ കൂടുതല്‍ ബാധ്യതയിലേക്കെത്തിച്ചിരിക്കുകയാണ് .
ഇപ്പോഴത്തെ ഡീസല്‍ വിലപ്രകാരം ഒരു തവണ മല്‍സ്യബന്ധനത്തിന് പോയി വരാന്‍ 1200 രൂപയുടെ അധികബാധ്യതയാണ് ഉണ്ടാക്കിയിരിക്കുന്നത് . 400 ലിറ്ററോളം ഡീസല്‍ ഒരുതവണ മല്‍സ്യബന്ധനം നടത്തി തിരിച്ചുവരാന്‍ ബോട്ടുകള്‍ക്കാവശ്യമാണ് . മല്‍സ്യങ്ങളുടെ ലഭ്യതക്കുറവു മൂലം മേഖല പ്രയാസത്തിലാക്കിയിരിക്കുന്നതിനിടയിലാണ് ഇടക്കിടെയുള്ള ഡീസല്‍ വിലവര്‍ധനവും. വലിയ വരുമാനമോ, നഷ്ടമോ ഇല്ലാതെ മുന്നോട്ടുപോകുന്നതിനിടയിലാണ് ഡീസല്‍ വില അടിക്കിടെ വര്‍ധിക്കുന്നത്.
പിടിച്ചുകൊണ്ട് വരുന്ന മത്സ്യങ്ങള്‍ക്ക് വിപണിയില്‍ തരക്കേടില്ലാത്ത വില ലഭിക്കുന്നതാണ് മല്‍സ്യബന്ധന മേഖലക്കുള്ള നേരിയ ആശ്വാസം . ഇന്ധനവിലവര്‍ധനവിനെത്തുടര്‍ന്നുള്ള അധിക ബാധ്യത ഒഴിവാക്കാന്‍ രണ്ടോ മൂന്നോ ദിവസം കടലില്‍ നങ്കൂരമിട്ടുള്ള മല്‍സ്യബന്ധന രീതിയാണു മല്‍സ്യത്തൊഴിലാളികള്‍ തുടരുന്നത് . എന്നാല്‍ കടലിലെ കടുത്ത ചൂട് കൂടുതല്‍ ദിവസം നങ്കൂരമിട്ടുള്ള മല്‍സ്യ ബന്ധനം അസാധ്യമാക്കുകയാണ് .
ആറു മാസത്തിനു മുമ്പു ഡീസല്‍ വിലയുണ്ടായ കുറവ് മല്‍സ്യബന്ധന മേഖലക്ക് ആശ്വാസവും പ്രതീക്ഷയും നല്‍കിയിരുന്നു . എന്നാല്‍ ചെറിയ തോതിലും അല്ലാതെയും ഇടക്കിടെയുണ്ടായ വര്‍ധനവ് ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ഡീസലിനെ എത്തിക്കുകയാണ് . കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഡീസല്‍ വിലയില്‍ രണ്ടരയിരട്ടി വര്‍ധനവുണ്ടായെങ്കില്‍ മല്‍സ്യലഭ്യതയില്‍ അത്ര തന്നെ കുറവാണ് നേരിട്ടത് . ഇന്ധനവിലയിലെ വര്‍ധനവിനനുസരിച്ചു വരുമാനം കൂടുന്നുമില്ല.
ട്രോളിംഗ് നിരോധനത്തിന് ആഴ്ചകള്‍ ശേഷിക്കെ ഡീസല്‍ വിലയിലുണ്ടായ വര്‍ധനവ് മല്‍സ്യബന്ധനഅറ്റകുറ്റപ്പണികള്‍ക്കും മറ്റുമായുള്ള നീക്കിരിപ്പില്‍നിന്നാണ് ചോര്‍ത്തിക്കളയുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."