പതിവു തെറ്റിക്കാതെ ദേശാടനക്കിളികള്‍ വിരുന്നെത്തി
കുഴല്‍മന്ദം: മഞ്ഞുകാലത്ത് കാര്‍ഷിക മേഖലയില്‍ കൃത്യമായെത്തുന്ന ദേശാടന പക്ഷികള്‍ ഈ വര്‍ഷവും വിരുന്നിനെത്തി. സൈബീരിയന്‍ കൊക്കുകളാണ് കേരളക്കരയില്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലത്ത് എത്തുന്നത്.
കാലാവസ്ഥയ്ക്ക് അനുസൃതമായി സഞ്ചരിക്കുന്നവയാണ് കൊക്കുകളെന്നതിനാല്‍ പതിനായിരക്കണക്കില്‍ കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് ഇവ കൃത്യമായി ഓരോ പ്രദേശങ്ങളിലുമെത്തുന്നത്.
നമ്മുടെ നാട്ടില്‍ കാണുന്ന വെള്ളകൊക്കിനൊപ്പം തീറ്റതേടി വയലുകളിലും മറ്റും സഞ്ചരിക്കുകയും രാത്രിയായാല്‍ വീടുകളുടെ സമീപത്തെ വൃക്ഷങ്ങളില്‍ ചേക്കേറുകയും ചെയ്യുകയാണ് ഇവയുടെ രീതി.
നാട്ടിലെ സാധാരണ കൊക്കുകള്‍ വയലുകളുടെ പരിസരത്തെ വൃക്ഷങ്ങളിലായിരിക്കും കൂടുതലും ചേക്കേറുക എന്നാല്‍ വിവിധയിനം ദേശാടനപക്ഷികള്‍ കാര്‍ഷിക മേഖലയില്‍ വിവിധ കാലങ്ങളില്‍ വന്നു പോകാറുണ്ട്. എല്ലാ ഇനങ്ങളും ശ്രദ്ധയില്‍ പെടാറില്ലെങ്കിലും വയലുകളിലൂടെ രാവിലെ നടന്നാല്‍ വിവിധതരം പക്ഷികളെ കാണാനാകും.
അവയില്‍ പലതും നമ്മുടെ നാട്ടിലുള്ളവയല്ല എന്നതാണ് പ്രത്യേകത.
228 തരം പക്ഷികളും 116 ഇനം പൂമ്പാറ്റകളും നമ്മുടെ നാട്ടില്‍ കണ്ടുവരുന്നുണ്ട്. ഇത്രയധികം പക്ഷി വൈവിധ്യം കേരളത്തിലുള്ളതു കൊണ്ടാകാം വിദേശപക്ഷികള്‍ ഇവയെ തേടിയെത്തുന്നതെന്നാണ് അനുമാനിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."