'സൈക്കിള്‍ യുദ്ധം': തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം പറഞ്ഞില്ല
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനു മേലുള്ള അവകാശതര്‍ക്കത്തില്‍ വിധി പറയുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടിവച്ചു. ഇന്നലെ നടന്ന നാലുമണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിനു ശേഷം വിഷയത്തില്‍ മറ്റൊരവസരത്തില്‍ തീരുമാനം അറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അഖിലേഷ് യാദവിന്റെയും മുലായം സിങ്ങിന്റെയും നേതൃത്വത്തിലുള്ള വ്യത്യസ്ത അഭിഭാഷകരാണ് കമ്മിഷനു മുന്‍പാകെ വാദം അവതരിപ്പിച്ചത്. വിഷയത്തില്‍ ഉചിതമായ സമയത്ത് വിധി പറയുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ തങ്ങളെ അറിയിച്ചതായി അഖിലേഷ് വിഭാഗത്തിനു വേണ്ടി കേസ് വാദിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പറഞ്ഞു.
ഭൂരിഭാഗം എം.പിമാരും എം.എല്‍.എമാരും എം.എല്‍.സിമാരും പാര്‍ട്ടി നിര്‍വാഹക സമിതി അംഗങ്ങളും തങ്ങളുടെ കൂടെയാണെന്ന് അഖിലേഷിനു വേണ്ടി കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ തര്‍ക്കങ്ങളോ പ്രശ്‌നങ്ങളോ ഒന്നുമില്ലെന്നും മുലായം സിങ്ങിനു പരിഹരിക്കാവുന്ന പ്രശ്‌നങ്ങളേ പാര്‍ട്ടിയിലുള്ളൂവെന്നും മുലായം സിങ് യാദവ് വിഭാഗത്തിന്റെ പ്രതിനിധി അറിയിച്ചു.
പാര്‍ട്ടി പിളര്‍ന്നതിനു പിറകെ എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ സൈക്കിളിനു വേണ്ടി അവകാശവാദമുന്നയിച്ച് ഇരുവിഭാഗവും രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ ഇവര്‍ സമീപിച്ചത്. തുടര്‍ന്ന് വിഷയത്തില്‍ ഇന്നലെ കമ്മിഷന്‍ വാദം കേള്‍ക്കുകയായിരുന്നു. ഇരുവിഭാഗവും തെരഞ്ഞെടുപ്പ് കമ്മിഷനു മുന്‍പാകെ പാര്‍ട്ടിയുടെയും ചിഹ്നത്തിന്റെ അവകാശവാദവുമായി രേഖകള്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്. സഖ്യം ചര്‍ച്ച ചെയ്യാനായി ഭാര്യ ഡിംപിള്‍ യാദവിനെ രംഗത്തിറക്കാനാണ് അഖിലേഷിന്റെ ശ്രമം. തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ഭാര്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സഖ്യ ചര്‍ച്ചയുടെ ഭാഗമായി പ്രിയങ്കാ ഗാന്ധിയെ ഡിംപിള്‍ യാദവ് കണ്ടതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."