സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്‍ ശില്‍പശാല ഇന്ന്
മണ്ണഞ്ചേരി: സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ആര്‍ദ്രം മിഷന് ഒരു ആര്യാട് മോഡല്‍ സൃഷ്ടിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറെടുക്കുന്നു. ഇതിന് മുന്നോടിയായി ആര്‍ദ്രമീ ആര്യാട് ശില്‍പ്പശാല ശനിയാഴ്ച രാവിലെ 9 മുതല്‍ പാതിരപ്പള്ളി ഏയ്ഞ്ചല്‍കിംഗ് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഷീന സനല്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബ്ലോക്ക് പ്രദേശത്തെ മുഴുവന്‍ ജനപ്രതിനിധികള്‍, തെരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. ആര്‍ദ്രം മിഷന്‍ എങ്ങനെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ടത് എന്നതിന് ഒരു ആലപ്പുഴ മോഡല്‍ സൃഷ്ടിക്കാനാണ് ഡോ. റ്റി എം. തോമസ് ഐസക്കിന്റെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് തയ്യാറാവുന്നത്. സബ്‌സെന്ററുകള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയും അയല്‍സഭകള്‍ മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വരെയും എല്ലാ ആരോഗ്യ സ്ഥാപനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും കൂട്ടിയോജിപ്പിച്ച് ബ്ലോക്ക് പ്രദേശത്തെ 40000 വരുന്ന മുഴുവന്‍ കുടുംബങ്ങളേയും ഭാഗഭാക്കാക്കുന്ന സമഗ്ര ആരോഗ്യപരിപാടിയാണ് പദ്ധതിയുടെ ലക്ഷ്യം.
മുഴുവന്‍ വീടുകളുടെയും ആരോഗ്യ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കി പ്രദേശത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളാവും നടപ്പാക്കുക.വ്യായാമം, ഭക്ഷണശീലങ്ങള്‍ എന്നിവയിലൂടെ ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുക, സംഘടിതമായ പ്രവര്‍ത്തനത്തിലൂടെ പകര്‍ച്ചവ്യാധികളെ ഇല്ലാതാക്കുക, ഇപ്പോള്‍ നടന്നുവരുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്രമായ ഏകോപനം സാദ്ധ്യമാക്കുക, സബ്‌സെന്ററുകള്‍ മുതലുള്ള മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും സേവനം മെച്ചപ്പെടുത്തുക, ചെട്ടികാട്-മുഹമ്മ ആശുപത്രികളെ കേരളത്തിലെ തന്നെ മാതൃകാ ആരോഗ്യ സ്ഥാപനങ്ങളാക്കി മാറ്റുക തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുക്കുന്നത്. ഇതിനായുള്ള കര്‍മ്മ പദ്ധതിക്ക് രൂപം കൊടുക്കാനാണ് ശില്‍പ്പശാല ചേരുന്നത്.
ആരോഗ്യമന്ത്രി കെ കെ ശൈലജ ശില്‍പശാല ഉദ്ഘാടനം ചെയ്യും.മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് അദ്ധ്യക്ഷനാകും. ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, ഡോ. ബി. ഇക്ബാല്‍, ഡോ. സൈറു ഫിലിപ്പ്, ഡോ. ഷെഹന്‍ഷാ, ഡോ. അരുണ്‍, ഡോ. ആശ തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും.വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ മാരായ ജയന്‍തോമസ്, വിലഞ്ചിത ഷാനവാസ്, ബ്ലോക്ക് പഞ്ചായത്തംഗം വി എം. സുഗാന്ധി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."