ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ന് രാപ്പാടിയില്‍
പാലക്കാട്: ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് രാപ്പാടിയില്‍ തിരിതെളിയും. രാവിലെ 9.30ന് എം.ജി.എസ്. നാരായണന്‍, ആഷാമേനോന്‍ യു.കെ. കുമാരന്‍, അഴകിയ പെരിയവന്‍, ആതവന്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യുദ്ധം, വംശീയത, സാഹിത്യം എന്ന വിഷയത്തില്‍ കെ.പി. രാമനുണ്ണിയുമായി ബെന്നി ഡൊമിനിക് അഭിമുഖം നടത്തും.
എഴുത്തിന്റെ പുത്തന്‍ ആവേഗങ്ങള്‍ എന്ന വിഷയത്തില്‍ വി.എം. ദേവദാസ്, ഇ.കെ. ഷാഹിന സംസാരിക്കും. അഴകിയ പെരിയവന്‍, ആതവന്‍ എഴുത്തു വീക്ഷണങ്ങളെക്കുറിച്ച് സംവദിക്കും. ഹരിത ദര്‍ശനത്തിന്റെ എഴുത്തു വഴികള്‍ എന്ന ആഷാമേനോന്റെ പ്രത്യേക അഭിമുഖം ഉണ്ടാവും. വൈകിട്ട് കവിയും കവിതയും എന്ന വിഷയത്തില്‍ നടക്കുന്ന കാവ്യസദസ് കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. കാംപസ് പ്രതിഭകളുടെ കലാവതരണം ഉണ്ടാവും. കലാസന്ധ്യയില്‍ കണ്ണ്യാര്‍കളി, പൊറാട്ടുകളി ,പുള്ളുവന്‍പാട്ട് അവതരിപ്പിക്കും.
ഞായറാഴ്ച്ച രാവിലെ 10നു ചന്ദ്രശേഖര കമ്പാര്‍ ഫെസ്റ്റിവല്‍ പ്രഭാഷണം നടത്തും. സുധാകരന്‍ രാമന്തളി പ്രസംഗിക്കും. തുടര്‍ന്ന് വിവിധ സെഷനുകളിലായി ലിംഗനീതിയുടെ കേരളം എന്ന വിഷയത്തില്‍ ശീതള്‍ ശ്യാം, ചരിത്രം നോവലിലെത്തുമ്പോള്‍ എന്ന വിഷയത്തില്‍ ടി.ഡി. രാമകൃഷ്ണന്‍, തക്ഷന്‍കുന്ന് വിശേഷങ്ങളുമായി യു.കെ കുമാരന്‍ സംസാരിക്കും. തുടര്‍ന്ന് കവിയും ഗാനരചയിതാവുമായ റഫിഖ് അഹമ്മദുമായി നിരൂപകന്‍ സജയ്.കെ.വി നടത്തുന്ന പ്രത്യേക സംഭാഷണം ഉണ്ടാവും.
വൈകുന്നേരം 3.30 നു നടക്കുന്ന പാലക്കാടന്‍ എഴുത്തു സംഗമത്തില്‍ പാലക്കാട്ടിലെ പതിനഞ്ചോളം എഴുത്തുകാര്‍ പങ്കെടുക്കും. വൈകിട്ട് 4.30നു നടക്കുന്ന സമാപനസായാഹ്നം സുഭാഷ്ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സിവിക് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ടി.പി. രാജീവന്‍ മുഖ്യാഥിതി ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."