മാക്കാലിയില്‍ വീണ്ടും സംഘര്‍ഷം
ചങ്ങരംകുളം: സ്ഥിരം രാഷ്ടീയ സംഘര്‍ഷ മേഖലയായ മൂക്കുതല മാക്കാലിയില്‍ കഴിഞ്ഞ ദിവസം രാത്രി വീണ്ടും സി.പി.എം ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയേറ്റവും ഉണ്ടായി. ചങ്ങരംകുളം എസ്.ഐ കെ.പി മനേഷ്, പെരുമ്പടപ്പ് എസ്.ഐ ആര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസെത്തി പ്രവര്‍ത്തകരെ വിരട്ടി ഓടിച്ച് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.
ഉത്സവവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതുമായി രൂപപ്പെട്ട സംഘര്‍ഷം പൊലിസിന്റെ പെട്ടെന്നുളള ഇടപെടല്‍ മൂലമാണ് നിയന്ത്രിക്കാനായത്. രാത്രി തന്നെ ചങ്ങരംകുളം ,പെരുമ്പടപ്പ് എസ്.ഐമാരുടെ നേതൃത്വത്തില്‍ എരമംഗലം മുതല്‍ ചങ്ങരംകുളം വരെയുളള മുഴുവന്‍ രാഷ്ടീയ പാര്‍ട്ടികളുടെ ബോര്‍ഡുകളും കൊടി തോരണങ്ങളും എടുത്ത് മാറ്റുകയും ചെയ്തു.
ചെറിയ പ്രശ്‌നങ്ങളെ പെരുപ്പിച്ച് ഉത്സവം അലങ്കോലമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍ എടുക്കുമെന് പൊലിസ് മുന്നറിയിപ്പ് നല്‍കി. പ്രദേശത്തെ ഉത്സവങ്ങളോട് അനുബന്ധിച്ച് നടക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് പൊന്നാനി സി.ഐയുടെ നേതൃത്വത്തില്‍ നീക്കങ്ങള്‍ തുടങ്ങി. പ്രദേശത്തെ പ്രധാന ഉത്സവങ്ങളായ എടപ്പാള്‍ കുളങ്ങര ക്ഷേത്രത്തിലെ ഉത്സവവും ചങ്ങരംകുളത്തെ മൂകുതല കണ്ണേങ്കാവ് ഉത്സവവും അടുത്തെത്തിയതോടെയാണ് പൊലിസ് കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്.
മകരമാസത്തിലെ ആദ്യത്തെ ഞായറാഴ്ച നടക്കുന്ന കുളങ്ങര ഉല്‍സവത്തിനും ആദ്യ വെള്ളിയാഴ്ച നടക്കുന്ന കണ്ണേങ്കാവ് ഉല്‍സവത്തിനും വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് എത്തുക. ഉത്സവത്തോടനുബന്ധിച്ച് വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും പതിവായ സാഹചര്യത്തിലാണ് പൊന്നാനി ,ചങ്ങരംകുളം ,പെരുമ്പടപ്പ് എസ്.ഐമാരുടെ നേതൃത്വത്തില്‍ ഉത്സവം ഭംഗിയായി നടത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചത്.പ്രശ്‌നങ്ങള്‍ നടക്കാന്‍ സാധ്യതയുളള പ്രദേശങ്ങളില്‍ ഇനി മുതല്‍ പൊലിസിന്റെ പ്രത്യേക നിരീക്ഷണമുണ്ടാവും.
പൊലിസ് പട്രോളിങ്ങ് ശക്തമാക്കും പ്രദേശത്ത് സ്ഥാപിച്ച രാഷ്ട്രീയ മത സംഘടനകളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും മുഴുവനായി എടുത്ത് മാറ്റും. ഉത്സവങ്ങളില്‍ എത്തുന്ന മുഴുവന്‍ കമ്മിറ്റിയുടെ വരവുകളും നിരീക്ഷിക്കും. ഓരോ പരിപാടികളുടെയും കമ്മിറ്റിയുടെ പൂര്‍ണ വിവരങ്ങള്‍ പൊലിസ് ശേഖരിക്കും. കൂടാതെ ഉത്സവപ്പറമ്പുകളില്‍ തിരക്കേറിയ ഭാഗങ്ങളില്‍ യൂണിഫോമിലും മഫ്ടിയിലുമായി പൊലിസിനെ നിയമിക്കും. ഗതാഗത തടസങ്ങള്‍ ഒഴിവാക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലാ വിധത്തിലുളള പഴുതുകളും അടച്ച് രാഷ്ടീയ സംഘര്‍ഷങ്ങള്‍ ഇല്ലാതെയും ഉത്സവം ഗംഭീരമായി നടത്തുന്നതിന് വേണ്ട മറ്റു മുന്‍ കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായും ഉത്സവ കമ്മിറ്റികളുടെയും വരവ് കമ്മിറ്റികളുടെയുംരാഷ്ട്രീയ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്നലെ പൊന്നാനി സി.ഐ വിളിച്ചു ചേര്‍ത്തു.
എല്ലാവിധ സഹകരണവും ഉണ്ടാവണമെന്ന് പൊലിസ്‌വിവിധ രാഷ്ടീയ പാര്‍ട്ടിക്കാരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."