ചിറക്കലിലും ഏനാവൂരിലും പുലിയിറങ്ങി?
പട്ടിക്കാട് / തേഞ്ഞിപ്പലം: പള്ളിക്കുത്ത് ചിറക്കല്‍ ഭാഗത്തും തേഞ്ഞിപ്പലം ഏനാവൂരിലും പുലിയിറങ്ങിയതായി അഭ്യൂഹം. ചിറക്കലില്‍ പുലികളെയും കുട്ടികളെയും കണ്ടെന്നു നാട്ടുകാര്‍ പറയുമ്പോള്‍ ഏനാവൂരില് പുലിയെയും പുലിയുടേതെന്നു തോന്നിക്കുന്ന കാല്പാടുകളും കണ്ടെത്തിയതായാണ് നാട്ടുകാര്‍ പറയുന്നത്.
വ്യാഴാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ചിറക്കലില്‍ പുലിയെയും കുട്ടികളെയും കണ്ടതായി പറയുന്നത്. പ്രദേശവാസി കെ.വി റഷീദ് ബാബു ശബ്ദംകേട്ട് വീടിനു പുറത്തിറങ്ങി ടോര്‍ച്ചടിച്ചു നോക്കിയപ്പോള്‍ മുന്‍വശത്തെ റോഡിലാണ് പുലികളെ കണ്ടത്. വെള്ളിയാഴ്ച രാവിലെ നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ കാല്പാടുകള് കണ്ടെത്തി. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്പാടുകള് വ്യക്തമാകാത്തതിനാല്‍ ഏതു ജീവിയുടേതാണെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പ്രദേശം നിരീക്ഷണത്തിലാണെന്നും വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഗ്രേഡ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.സി ശൂലപാണി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ കെ.എസ് സരീഷ് എന്നിവരാണ് പരിശോധന നടത്തിയത്. പള്ളിക്കുത്ത് പ്രദേശത്ത് മുന്‍പും പുലിയെ കണ്ടതായി അഭ്യൂഹമുണ്ടായിരുന്നു.
പെരുവള്ളൂര്‍ ഒളകര ഏനാവൂരിലാണ് കൃഷിക്കാരും ബൈക്ക് യാത്രക്കാരും പുലിയെ കണ്ടതായി പറയുന്നത്. പുലിയുടേതെന്നു തോന്നിക്കുന്ന കാല്പാടുകള് കണ്ടെത്തിയതോടെ നാട്ടുകാര്‍ ഭീതിയിലാകുകയും ചെയ്തു.
പുകയൂര്‍ -കൂമണ്ണ റോഡിലാണ് ബൈക്ക് യാത്രക്കാരായ ചിലര്‍ പുലിയെ കണ്ടത്. സമീപത്തെ ചില കര്‍ഷകരും പുലിയെപ്പോലുള്ള ജീവിയെ കണ്ടതായി പറഞ്ഞു. ദിവസങ്ങള്‍ക്കു മുന്‍പു ദേശീയപാതയില്‍ തലപ്പാറയില്വച്ചു ശബരിമല യാത്രക്കാരും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."