സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാര്‍ വലഞ്ഞു
അത്തോളി: സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാരെയും വിദ്യാര്‍ഥികളെയും വലച്ചു. അത്തോളി റൂട്ടില്‍ ഇന്നലെ 11ഓടെയാണ് ബസുകള്‍ പണിമുടക്കിയത്. ഈ റൂട്ടിലോടുന്ന ഹാരിസ് ബസിലെ കണ്ടക്ടര്‍ വേളൂര്‍ സ്വദേശി ജിഷിന് രാജിനെ (22) മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണ് പണിമുടക്ക് ആരംഭിച്ചത്.
വ്യാഴാഴ്ച വൈകിട്ട് പുതിയ സ്റ്റാന്‍ഡില്‍ നിന്നും ബസില്‍ കയറിയ വിദ്യാര്‍ഥിയോട് പാസ് ചോദിക്കുകയും സീറ്റില്‍ നിന്നും എഴുന്നേല്ക്കാന് ആവശ്യപ്പെടുകയും ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. വിദ്യാര്‍ഥി വീട്ടില്‍ വിവരം അറിയിച്ചതോടെ വൈകിട്ട് ആറോടെ അത്തോളി സഹകരണ ആശുപത്രിക്ക് സമീപം ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു.
മര്‍ദനമേറ്റ ജിഷിന്‍രാജ് കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദനത്തിനിടെ തന്റെ സ്വര്‍ണ മാല നഷ്ടപ്പെട്ടുവെന്ന് കണ്ടക്ടര്‍ പറഞ്ഞു. വിദ്യാര്‍ഥി അത്തോളി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരനെ മര്‍ദിച്ചത് ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുക്കേണ്ട കുറ്റമാണെന്ന് ബസ് ജീവനക്കാര്‍ ആരോപിച്ചു.
എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെയും നടപടിയുണ്ടായിട്ടില്ല. അക്രമികള്‍ക്കെതിരേ കേസെടുക്കാത്ത പക്ഷം സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് ബസ് തൊഴിലാളി പ്രതിനിധികള്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."