പീഡനങ്ങള്‍ക്കൊടുവില്‍ മലയാളി ദമ്പതിമാര്‍ നാടണഞ്ഞു
ജിദ്ദ: സ്‌പോണ്‍സറുടെ പീഡനം സഹിക്കാന്‍ കഴിയാതെ സാമൂഹിക പ്രവര്‍ത്തകരുടെ അടുക്കല്‍ അഭയം തേടിയ വയനാട് സ്വദേശികളായ ദമ്പതിമാര്‍ നാടണഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28നാണു വയനാട് സ്വദേശികളായ അബ്ദുല്‍ അസീസും ഭാര്യ ആയിശക്കുഞ്ഞും തബൂക്കിലെ സ്വദേശി പൗരന്റെ വീട്ടിലേക്ക് ജോലിക്കെത്തിയത്. 45000 രൂപ വാങ്ങിയാണ് അബ്ദുല്‍ അസീസ് ഡ്രൈവറായും ഭാര്യ വീട്ടുജോലിക്കാരിയായും ചാവക്കാട്ടെ സ്വകാര്യ ട്രാവല്‍സ് മുഖേന തബൂക്കിലെത്തിയത്.
മതിയായ രേഖകളില്ലാതെയാണ് ഇവരെ ഏജന്റ് കൊച്ചി-ബോംബെ-ദുബൈ വഴി തബൂക്കിലെത്തിച്ചത്.
വന്നതു മുതല്‍ ശാരീരിക പീഡനം തുടങ്ങിയിരുന്നു. രണ്ടുമാസം കടുത്ത പീഡനം ഏല്‍ക്കേണ്ടിവന്ന ഇരുവരും തബൂക്കിലെ സാമൂഹിക പ്രവര്‍ത്തകരെ വിവരമറിയിക്കുകയും തുടര്‍ന്ന് അവരോട് തബൂക്കില്‍ കോണ്‍സുലേറ്റ് സന്ദര്‍ശനമുള്ള ദിവസം നേരിട്ട് ഓഫീസിലെത്താനും പറഞ്ഞു.
തുടര്‍ന്ന് ജിദ്ദ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ ശിവ പ്രസാദിന്റെ അടുക്കല്‍ പരാതി നല്‍കി. തുടര്‍ന്നു കോണ്‍സുലേറ്റിന്റെ നിര്‍ദേശ പ്രകാരം ജിദ്ദ കോണ്‍സുലേറ്റില്‍ എത്താന്‍ ആവശ്യപ്പെട്ടു.
യാത്രാ രേഖകളില്ലാതെ തബൂക്കില്‍നിന്നും ജിദ്ദയിലെത്തുക ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് മാസ്സ് തബുക്കിന്റെ ജീവകാരുണ്യ വിഭാഗം കണ്‍വീനറും സി സി ഡബഌു എ വൈസ് ചെയര്‍മാനുമായ ഉണ്ണി മുണ്ടുപറമ്പിലിന്റെ ഇടപെടലിലൂടെ അവരെ ജിദ്ദയിലെത്തിക്കുകയും കോണ്‍സുലേറ്റില്‍ ഹാജരാക്കുകയും ചെയ്തു.
തുടര്‍ന്ന് കോണ്‍സുലേറ്റില്‍നിന്നും സ്‌പോണ്‍സാറെ ബന്ധപ്പെട്ടു. എന്നാല്‍ ഫൈനല്‍ എക്‌സിറ്റ് അടിക്കണമെങ്കില്‍ മുപ്പതിനായിരം റിയാല്‍ നഷ്ട പരിഹാരം വേണമെന്ന് സ്‌പോണ്‍സര്‍ ആവശ്യപ്പെട്ടു. തബൂക്കിലെ സാമൂഹിക പ്രവര്‍ത്തകരും ഇന്ത്യന്‍ കോണ്‍സുലേറ്റ് അംഗങ്ങളും നിരന്തരം ഇടപെട്ടത്തോടെ സ്‌പോണ്‍സര്‍ ഇവരെ ഹുറൂബാക്കുകയായിരുന്നു. ഇതോടെയാണ് ദമ്പതികളുടെ യാത്രക്ക് വഴി തുറന്നത്. കോണ്‍സുലേറ്റില്‍നിന്നും തര്‍ഹീലിലെത്തിച്ച ഇവരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള സഹായങ്ങള്‍ നല്‍കുകയായിരുന്നു. ജോലി ചെയ്ത ശമ്പളം കിട്ടിയില്ലെങ്കിലും ജീവന്‍ തിരിച്ചു കിട്ടിയ ആശ്വാസത്തില്‍ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് അസീസും ആയിഷാകുഞ്ഞും നാട്ടിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."