സഊദി പൊതുമാപ്പ്: വാസ്തവ വിരുദ്ധമെന്ന് പാസ്‌പോര്‍ട്ട് വിഭാഗം, ഔദ്യോഗിക വിവരം ലഭിച്ചില്ലെന്ന് ഇന്ത്യന്‍ എംബസി
റിയാദ്: സഊദിയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടാനായി മൂന്നു മാസത്തെ പൊതു മാപ്പ് പ്രഖ്യാപിച്ച വാര്‍ത്ത നിഷേധിച്ച് സഊദി പാസ്‌പോര്‍ട്ട് വിഭാഗം രംഗത്തെത്തി. ഞായര്‍ മുതല്‍ പൊതു മാപ്പ് പ്രഖ്യാപിച്ചതായി സഊദിയിലെ ഉന്നത കേന്ദ്രങ്ങള്‍ ഉദ്ധരിച്ചെന്ന തരത്തില്‍ രാജ്യത്തെ പ്രമുഖ പത്രങ്ങളാണ് വാര്‍ത്ത പുറത്തു വിട്ടത്. എന്നാല്‍, വാര്‍ത്ത തെറ്റാണെന്നും ഇത്തരമൊരു റിപ്പോര്‍ട്ട് ഔദ്യോഗിക വകുപ്പുകള്‍ നല്‍കിയിട്ടില്ലെന്നും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇന്നു മുതല്‍ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ചെന്നു വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊതുമാപ്പുമായി ബന്ധപ്പെട്ട് വല്ല തീരുമാനവും കൈക്കൊള്ളുന്നപക്ഷം അതേക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ ഔദ്യോഗികമായി പരസ്യപ്പെടുത്തുമെന്നും ജവാസാത്ത് (പാസ്‌പോര്‍ട്ട്) ഡയറക്ടറേറ്റ് രാത്രിയോടെ വ്യക്തമാക്കി.
പൊതുമാപ്പിനെ കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദ കോണ്‍സുലേറ്റും അറിയിച്ചു. റിയാദിലെ തര്‍ഹീല്‍ അധ്കൃതരും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്. തീരുമാനമുണ്ടാകുന്ന പക്ഷം വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് തങ്ങള്‍ക്ക് വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എംബസി ഡപ്യൂട്ടി സെക്രട്ടറി (പ്രസ് ആന്റ് ഇന്‍ഫര്‍മേഷന്‍) ഫിഫ്‌സുറഹ്മാന്‍ പറഞ്ഞു.
നാടുകടത്തപ്പെട്ടവര്‍ എന്നോണം വിരലടയാളം രജിസ്റ്റര്‍ ചെയ്യാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകര്‍ക്ക് അവസരം നല്‍കുന്ന പൊതുമാപ്പ് ഇന്നു മുതല്‍ നിലവില്‍ വരുമെന്ന് പ്രമുഖ പ്രാദേശിക പത്രവും, മലയാളം ചാനലുകളും, ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിയമാനുസൃത പിഴകളും ഫീസുകളും ഒടുക്കി ലേബര്‍ ഓഫീസില്‍ നിന്നും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് നല്‍കുമെന്നും ഇവരെ നാടുകടത്തപ്പെട്ടവര്‍ എന്ന മുദ്ര ചാര്‍ത്തുന്നതില്‍നിന്ന് ഒഴിവാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഇങ്ങനെ പോകുന്നവര്‍ക്ക് പുതിയ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് തടസ്സമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിദേശ മാധ്യമങ്ങളടക്കം ഇത് വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പിന്നാലെയാണ് ജവാസാത്ത് നിഷേധ കുറിപ്പ് ഇറക്കിയത്.
പിഴകളും ഫീസുകളും മാത്രം ഒടുക്കി, മറ്റു ശിക്ഷാ നടപടികള്‍ കൂടാതെ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് നിയമ ലംഘകര്‍ക്ക് സാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മലയാളികളടക്കം ആയിരക്കണക്കിന് നിയമ ലംഘകര്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഇന്നു മുതല്‍ പൊതുമാപ്പ് നിലവില്‍ വരുമെന്ന് ദിവസങ്ങള്‍ക്കു മുമ്പു തന്നെ അറബ് വംശജര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമാണെന്ന് തെറ്റിദ്ധരിച്ച് പത്രങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."