വയനാടിന്റെ വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി
കല്‍പ്പറ്റ: വയനാടിന്റെ വികസന സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന 'വയനാട് സമഗ്ര വികസന സെമിനാര്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ കാര്‍ഷിക മേഖലയുടെയും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെയും തോട്ടം മേഖലയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ പരിഗണന നല്‍കും. കാര്‍ഷിക മേഖലയുടെ അഭിവൃദ്ധിക്കുതകുന്ന തരത്തില്‍ ഒരു ബദല്‍ വികസന കാഴ്ചപ്പാടും സമീപനവും അനിവാര്യമാണ്.
കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ ഒരു കാര്‍ഷിക നയമായിരിക്കും സര്‍ക്കാര്‍ നടപ്പാക്കുക. കൃഷിഭൂമി കുത്തക മുതലാളിമാരുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുന്ന സാഹചര്യമുണ്ടാവരുത്. കാര്‍ഷികമേഖലക്ക് വലിയ പ്രാധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ബജറ്റില്‍ 600 കോടി രൂപയാണ് സര്‍ക്കാര്‍ കാര്‍ഷിക മേഖലക്ക് അടങ്കല്‍ തുകയായി വകയിരുത്തിയത്.
കൃഷി ആകര്‍ഷകമായെങ്കില്‍ മാത്രമെ പുതുതലമുറ കൃഷിയിലേക്ക് ആകര്‍ഷിക്കപ്പെടുകയുള്ളൂ. ഇതിനായി അഗ്രോ സര്‍വ്വീസ് സെന്ററുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനോടൊപ്പം വ്യാപിപ്പിക്കുകയും ചെയ്യും.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്നതോടൊപ്പം അവ കേടാവാതെ സൂക്ഷിക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും പ്രാധാന്യം നല്‍കും. മണ്ണും വെള്ളവും ജൈവ വൈവിധ്യവും സംരക്ഷിക്കാന്‍ സമൂഹം മുന്നിട്ടിറങ്ങണം. 'ഹരിത കേരളം മിഷന്‍' പദ്ധതി ഇതിനായുള്ള ചുവടുവെപ്പാണ്. ഖരമാലിന്യ സംസ്‌കരണം, മണ്ണു സംരക്ഷണം, ജൈവ സമ്പത്തിന്റെ സംരക്ഷണം എന്നിവയെല്ലാം മിഷന്റെ ഭാഗമായി നടപ്പാക്കും. കാലാവസ്ഥാ വ്യതിയാനവും മഴയുടെ തോത് കുറഞ്ഞതും നാം അതീവ ഗൗരവത്തോടെ കാണണം.
മഴക്കുഴികള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം ശാസ്ത്രീയ കൃഷിരീതി പ്രോത്സാഹിപ്പിക്കണം. പരിസ്ഥിതി സൗഹൃദ സമീപനവും കാഴ്ചപ്പാടും പുതുതലമുറയ്ക്കുണ്ടാവണം. വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിന്നതീതമായി ജനങ്ങള്‍ ഒന്നിക്കണം. ആദിവാസി വിഭാഗങ്ങളുടെ ആരോഗ്യ-വിദ്യാഭ്യാസ-പാര്‍പ്പിട രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കും. ഓരോ ആദിവാസി കുടുംബത്തിനും ഒരേക്കര്‍ ഭൂമിയെങ്കിലും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം.
ഇതിനായി 42 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു. തോട്ടം തൊഴിലാളികള്‍ക്ക് വീട് വെക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്‌കരിക്കും. വയനാട് മെഡിക്കല്‍ കോളജ് പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള ഉത്തരവാദിത്വ ടൂറിസവും പൈതൃക ടൂറിസവും പ്രോത്സാഹിപ്പിക്കുന്ന ഒരു ടൂറിസം നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. വര്‍ക്കിങ് കണ്‍വീനര്‍ പി കൃഷ്ണപ്രസാദ് വികസന രൂപരേഖ അവതരിപ്പിച്ചു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ലോഗോ പ്രകാശനം ചെയ്തു. ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.കെ അനില്‍കുമാര്‍, അനില തോമസ്, എ ദേവകി, കെ മിനി, നഗരസഭ ചെയര്‍മാന്‍മാരായ സി.കെ സഹദേവന്‍, ഉമൈബ മൊയ്തീന്‍കുട്ടി, വി.ആര്‍ പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്‍മുഖന്‍, ലതശശി, പ്രീത രാമന്‍, ടി.എസ് ദിലീപ്കുമാര്‍, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍, സെക്രട്ടറി പി.എ ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."