മദ്യനയത്തിലെ നടപടി മദ്യ ഉപയോഗം കുറയ്ക്കുന്നതായിരിക്കണം: മാര്‍ ആലഞ്ചേരി
കൊച്ചി: മദ്യനയം നടപ്പാക്കുന്നതില്‍ എന്തു നടപടിവ്യത്യാസം വന്നാലും അതു മദ്യ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കുന്നത് ലക്ഷ്യം വയ്ക്കുന്നതായിരിക്കണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും ആശംസനേര്‍ന്നുകൊണ്ടാണ് കര്‍ദിനാള്‍ ഇക്കാര്യം ഉന്നയിച്ചത്. ജനവിധി നേടിയ എല്‍.ഡി.എഫ് സര്‍ക്കാരിന് ജനാധിപത്യരീതിയില്‍ ജനഹിതം നിറവേറ്റുവാന്‍ സാധിക്കട്ടെ.
വികസനത്തിന്റെ പാതയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയും കേരളജനതയുടെ പുരോഗതി സാക്ഷാത്കരിക്കാന്‍ സര്‍ക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വിഷമയമില്ലാത്ത ഭക്ഷ്യവിഭവങ്ങളുടെ വിതരണം, മാലിന്യ നിര്‍മാര്‍ജനം, കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ഉചിതമായ വിലനിര്‍ണയം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, ജനനന്മ ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം, സര്‍ക്കാര്‍ നടപടികളിലെ സുതാര്യത, സമാധാനപരമായ സാമൂഹിക അന്തരീക്ഷം എന്നിവ പുതിയ സര്‍ക്കാരിന്റെ മുഖ്യ പരിഗണനകളായിരിക്കുമെന്നും കേരളജനതയോടൊപ്പം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."