വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുക: ഫ്രന്റ്‌സ് ക്രിയേഷന്‍സ് സെമിനാര്‍
ജിദ്ദ: സാക്ഷരകേരളത്തില്‍ പോലും സംഘ്പരിവാര്‍ വര്‍ഗീയ ശക്തികള്‍ തങ്ങളുടെ ഹിഡന്‍ അജണ്ടകള്‍ ആസൂത്രിതമായി നടപ്പിലാക്കി വരുമ്പോള്‍ അതിനെതിരെ ശക്തമായ മതേതര കൂട്ടായ്മ പ്രതിരോധം തീര്‍ക്കണമെന്ന് ഫ്രന്റ്‌സ് ക്രിയേഷന്‍സ് റിയാദില്‍ സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു.
സാംസ്‌കാരിക ഫാഷിസം കേരളത്തിന്റെ മണ്ണിലും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഫ്രന്റ്‌സ് ക്രിയേഷന്‍സ് രക്ഷാധികാരി അബ്ദുല്‍ അസീസ് കോഴിക്കോട് അധ്യക്ഷത വഹിച്ചു. ഇനാമുര്‍ റഹ്മാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കപട ദേശീയതയുടെ പേരില്‍ സാംസ്‌കാരിക രംഗത്തും മത സാമൂഹിക രംഗത്തും സാഹിത്യരംഗത്തും പ്രവര്‍ത്തിക്കുന്ന കമലിനെയും എംടിയെയും എം.എം. അക്ബറിനെയും വരെ വേട്ടയാടുവാന്‍ ധൈര്യപ്പെടുന്നവര്‍ നാളെ ആരുടെമേലും കൈവെയ്ക്കുവാന്‍ മടിക്കില്ലെന്ന് പ്രാസംഗികര്‍ അഭിപ്രായപ്പെട്ടു.
മതന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടി അധികാരത്തിലേറിയ ഇടതുപക്ഷത്തിന് പോലും സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ കര്‍ശന നിലപാട് എടുക്കുവാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്ന് ചോദ്യമുയര്‍ന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പോലും സാമൂഹിക മാധ്യമങ്ങളിലൂടെ വളര്‍ന്നുവരുന്ന പ്രതിലോമകരമായ വര്‍ഗീയ ചിന്തകളെ പ്രതിരോധിക്കുവാന്‍ മുഴുവന്‍ രാഷ്ട്രീയ സംഘടനകളും മതസംഘടനകളും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. മതന്യൂനപക്ഷങ്ങള്‍ പരസ്പരം ചെളിവാരിയെറിയുന്നത് അവസാനിപ്പിച്ചു കൊണ്ട് മതേതരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കൊപ്പം അണിചേരുവാന്‍ സെമിനാര്‍ ആഹ്വാനം ചെയ്തു.
സംസ്ഥാനത്തിലെ പൊലിസ് അധികാരികളെയും ബ്യൂറോക്രസിയേയും കാവി പുതപ്പിക്കാനുള്ള സംഘ്പരിവാര്‍ അജണ്ടയെ തിരിച്ചറിയുവാനും നടപടി സ്വീകരിക്കുവാനും പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. ഹമീദ് വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."