നോക്കുകുത്തിയായി പൊലിസ് ഔട്ട് പോസ്റ്റ് കണ്ണനല്ലൂരില്‍ മദ്യപരുടെ അഴിഞ്ഞാട്ടം; പരാതി നല്കിയ മൃഗാശുപത്രിക്കുനേരെ ആക്രമണം
കൊട്ടിയം: കണ്ണനല്ലൂരിലെ പൊലിസ് ഔട്ട്പോസ്റ്റിന് സമീപത്തെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ രാത്രിയും പകലും മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും അഴിഞ്ഞാട്ടം വര്‍ധിച്ചു. ഇവര്‍ക്കെതിരേ പൊലിസിന് പരാതി നല്‍കിയതിന് പിന്നാലെ ആശുപത്രി കെട്ടിടം അടിച്ചുതകര്‍ത്തു.
കണ്ണനല്ലൂര്‍ മൈതാനത്തോട് ചേര്‍ന്നാണ് മൃഗാശുപത്രിയും ആയുര്‍വേദ ആശുപത്രിയും പ്രവര്‍ത്തിക്കുന്നത്. ഇതിന് തൊട്ടടുത്താണ് പൊലിസ് ഔട്ട്പോസ്റ്റ്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ക്കെതിരേ പൊലിസ് ഔട്ട്പോസ്റ്റില്‍ നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ആശുപത്രിയുടെ പ്രവര്‍ത്തനസമയത്തും പരിസരത്ത് മദ്യപാനം നടത്തുന്നത് ഡോക്ടര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് തൃക്കോവില്‍വട്ടം പഞ്ചായത്ത് കണ്ണനല്ലൂര്‍ ടൗണ്‍ വാര്‍ഡ് അംഗവും മൃഗാശുപത്രിയിലെ ഡോക്ടറും ചേര്‍ന്ന് കൊട്ടിയം പൊലിസിനു പരാതിയും നല്കി. സാമൂഹികവിരുദ്ധര്‍ എത്തിയ വാഹനത്തിന്റെ നമ്പര്‍ സഹിതം പൊലിസിന് പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടായില്ല. പരാതി നല്കിയ രാത്രിയില്‍ ആശുപത്രി കെട്ടിടത്തിന്റെ ജനല്‍ ചില്ലുകളെല്ലാം എറിഞ്ഞുതകര്‍ത്ത് സാമൂഹ്യവിരുദ്ധര്‍ പകരം വീട്ടുകയായിരുന്നു. നേരത്തെ നല്കിയ പരാതിയില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലിസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് വാര്‍ഡ് അംഗം പറഞ്ഞു. ഇവിടെ പൊലിസ് ഔട്ട് പോസ്റ്റ് തന്നെ കൃത്യമായി തുറക്കാത്തതും സാമൂഹ്യവിരുദ്ധര്‍ക്ക് തുണയാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."