നെടുങ്കണ്ടത്ത് കാട്ടുതീ; 500 ഏക്കര്‍ സ്ഥലത്തെ കൃഷി കത്തിനശിച്ചു
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് കാട്ടുതീ പടര്‍ന്ന് ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷി കത്തി നശിച്ചു. മൂന്നിടങ്ങളിലാണ് രണ്ട് ദിവസങ്ങളിലായി കാട്ടുതീ പടര്‍ന്ന് പിടിച്ചത്. നെടുങ്കണ്ടം കരുണാ ആശുപത്രിക്ക് സമീപവും മാവടി പൊന്നാമലയിലുമാണ് ഇന്നലെ വന്‍ തീപിടുത്തം ഉണ്ടായത്.
കൃഷി ഭൂമിയും പുല്‍മേടുമാണ് പൊന്നാമലയില്‍ കത്തി നശിച്ചത്. ഇന്നലെ രാവിലെ എട്ടോടെ പൊന്നാമല കുരിശു പാറയ്ക്ക് സമീപം പുല്മേട്ടിലാണ് ആദ്യം തീ പടര്‍ന്ന് തുടങ്ങിയത്. പിന്നീട് തീ സമീപ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു. പ്രദേശത്തെ മൂന്ന് മലഞ്ചെരുവുകളിലെ പുല്‍മേടുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഏകദേശം അഞ്ഞൂറ് ഏക്കറോളം ഭൂമിയില്‍ തീ പടര്‍ന്നതായാണ് പ്രാഥമിക വിലയിരുത്തല്‍. മലഞ്ചെരുവുകള്‍ക്കും പുല്‍മേടുകള്‍ക്കും സമീപത്തായുള്ള നിരവധി കര്‍ഷകരുടെ കൃഷി ദേഹണ്ഡങ്ങളിലേയ്ക്കും തീ പടര്‍ന്നു.
കുരുമുളക്, കാപ്പി, റബര്‍, വാഴ തുടങ്ങിയ കൃഷികളാണ് കത്തി നശിച്ചത്. വിളവെടുപ്പിന് പാകമായ നിരവധി കുരുമുളക് തോട്ടങ്ങളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് സംഭവിച്ചിരിക്കുന്നത്. പ്രദേശവാസികളായ സജി കാരിമലയില്‍, രവീന്ദ്രന് പൊട്ടംപ്ലാക്കല്‍, ജയന് പള്ളിമന, സജി പുല്ലാനിക്കാവില്‍, ബിനോയി കാരിമല, ചാര്‍ളി തോണിക്കുടി, ശ്രീധരന് പള്ളത്തുപാറയില്‍, ദാസ് ചെമ്പുവിള തുടങ്ങിയ കര്‍ഷകരുടെ കൃഷി ഭൂമിയിലേയ്ക്കാണ് തീ പടര്‍ന്നത്.
മേഖലയിലേക്ക് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ തീ അണയ്ക്കുന്നതിന് തടസമായി. നെടുങ്കണ്ടത്ത് നിന്ന് അഗ്നിശമന സേന എത്തിയെങ്കിലും തീ പടര്‍ന്ന മേഖലയിലേക്ക് ഉപകരണങ്ങള്‍ എത്തിക്കാന്‍ സാധിച്ചില്ല. പുല്‍മേടുകള്‍ക്ക് സമീപത്തെ കൃഷിയിടങ്ങളിലേയ്ക്ക് തീ പടരുന്നത് തടയുന്നതിനായി നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പല മേഖലകളിലേയ്ക്കും നിയന്ത്രണാതീതമായി തീ പടരുകയായിരുന്നു. ചപ്പുചവറുകള്‍ ഉപയോഗിച്ച് കൃഷിയിടങ്ങളിലേയ്ക്ക് തീ പടരാതിരിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വന്‍ തോതില്‍ പുക ഉയര്‍ന്നത് തീ കെടുത്തുന്നതിന് വിഘാതമായി. കാറ്റ് വര്‍ധിക്കുന്നതിന് അനുസരിച്ച് തീ ആളിപടരുകയായിരുന്നു.
പുല്‍മേടുകളെ ആശ്രയിച്ചാണ് മേഖലയിലെ കാലി വളര്‍ത്തല്‍ നിലനിന്നിരുന്നത്. ഇവ പൂര്‍ണ്ണമായും കത്തി നശിച്ചതോടെ ക്ഷീര കര്‍ഷകരും പ്രതിസന്ധിയിലായി. രാത്രി വൈകിയും നാട്ടുകാര്‍ തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരികയാണ്. എന്നാല്‍ ശക്തമായ കാറ്റും മേഖലയില്‍ ചപ്പുചവറുകള്‍ ഉണങ്ങി കിടക്കുന്നതും തീ കൂടുതല്‍ പടരുന്നതിന് ഇടയാക്കി. അവധി ദിവസമായതിനാല്‍ റവന്യു അധികൃതര്‍ സംഭവ സ്ഥലത്ത് എത്തി ചേര്‍ന്നില്ല.
നെടുങ്കണ്ടം കരുണാ ആശുപത്രിയ്ക്ക് സമീപമുണ്ടായ തീപിടുത്തത്തില്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പേ നെടുങ്കണ്ടം അഗ്നി ശമന സേന തീയണച്ചു.
ബേഡ്മെട്ടിലെ മാലിന്യകുമ്പാരത്തിന് വ്യാഴാഴ്ചയുണ്ടായ തീപിടിത്തം പൂര്‍ണ്ണമായി കെടാത്തതുമൂലം ഇന്നലെയും വീണ്ടും അഗ്നിശമന സേന തിയണക്കേണ്ടതായി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."