കയ്യടിക്കടാ... ഇത് സഞ്ജുവിന്റെ രാജസ്ഥാന്‍
ഐപിഎല്ലില്‍ കുതിക്കുകയാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് ടീം. ലീഗില്‍ രാജസ്ഥാന്റെ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആറ് വിജയങ്ങള്‍ ഉള്ളതുകൊണ്ട് പ്ലേഓഫ് ഏതാണ്ട് ഉറപ്പായിട്ടുമുണ്ട്. ഇനി ഏഴ് കളികളില്‍ രണ്ട് ജയം കൂടി നേടാനായാല്‍ ഏറെക്കുറെ രാജസ്ഥാനെ ഇത്തവണ പ്ലേ ഓഫില്‍ കാണാം. രാജസ്ഥാന്റെ വിജയമന്ത്രം ടീമിന്റെ ഒത്തൊരുമ തന്നെയാണെന്ന് സംശയമേതുമില്ലാതെ പറയാം. ധൈര്യപൂര്‍വ്വം മുന്നില്‍ നിന്ന് നയിക്കുകയാണ് ക്യാപ്റ്റന്‍ സഞ്ജു. ഒപ്പം തല്ലാന്‍ പറഞ്ഞാല്‍ കൊന്നിട്ട് വരുന്ന പിള്ളേരും.അതെ, സഞ്ജുവും പിള്ളേരും അത്ഭുതമാവുകയാണ്.
കഴിഞ്ഞതവണ പാല്‍ക്കുപ്പി എന്നും അമൂല്‍ ബേബി എന്നൊക്കെ പരിഹസിച്ചു വിട്ട റയാന്‍ പരാഗ് ഇന്ന് രാജസ്ഥാന്റെ ഹീറോയാണ്. ബോളേഴ്‌സിനെ ഒരു കൂസലുമില്ലാതെ നേരിടുന്ന ബട്ട്‌ലര്‍. കരുത്തിന്റെ വെസ്റ്റിന്‍ഡീസ് ഫോഴ്‌സ് ഷിംറോണ്‍ ഹെറ്റ്‌മേയർ. ആദ്യ ഓവറുകളില്‍ സ്‌കോര്‍ബോര്‍ഡിനെ ഒരു ഫുട്‌ബോള്‍ മാച്ചിന് സമാനമാക്കിത്തീര്‍ക്കുന്ന ബോള്‍ട്ട്. ഇത്തവണ രാജസ്ഥാന്‍ കരുത്തരായ പോരാളികളാണ്. ഐപിഎല്‍ കിരീടവുമായി മടങ്ങാനുള്ള ശേഷി ടീം നേടിക്കഴിഞ്ഞു. നിലവില്‍ ടൂര്‍ണ്ണമെന്റില്‍ ഒരു മത്സരം മാത്രം പരാജയപ്പെട്ട കൊല്‍ക്കത്തയുമായി ബലാബലത്തിലായിരുന്നു ടീം. ഇന്നലെ കൊല്‍ക്കത്തയെ തോല്‍പ്പിച്ചതോടുകൂടി ആരാണ് മികച്ചതെന്ന് ആരാധകര്‍ക്ക് കാട്ടിക്കൊടുത്തു രാജസ്ഥാന്‍. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണ് ഇന്നലെ ഐക്കോണിക്ക് സ്റ്റേഡിയം ഈഡന്‍ ഗാര്‍ഡന്‍സില്‍ കണ്ടത്.
സുനില്‍ നരേനെ ഓപ്പണിങ് ഇറക്കി പവര്‍പ്ലേ മുതലാക്കി കളി പിടിക്കാം എന്നു കരുതിയ ഗംഭീറിന് മറുവശത്ത് ബട്ട്‌ലര്‍ എന്ന ഇംപാക്ട് പ്ലയറെ ഒരുക്കി നിര്‍ത്തിയാണ് സഞ്ജു മറുപടി കൊടുത്തത്. പരിക്കില്‍ നിന്ന് ബട്ട്‌ലര്‍ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്നലെ അതൊന്നും അദ്ദേഹത്തെ ബാധിച്ചതേയില്ല. രോഹിത് ശര്‍മ്മയുടെ 264 റണ്‍സ് പിറന്ന മണ്ണില്‍ അതിന് സമാനമായി തന്നെ ബട്ട്‌ലര്‍ നാലുപാടും ബൗണ്ടറികള്‍ പായിച്ച് ആരാധകര്‍ക്ക് വിരുന്നൊരുക്കി. പന്ത് നിലം തൊടാതെ പലതവണ കാണികള്‍ക്കിടയിലേക്ക് പറന്നിറങ്ങി. ഒരു എക്‌സ്‌പേര്‍ട്ട് വീഡിയോ ഗെയിമര്‍ തന്റെ പ്ലയറിനെ നിയന്ത്രിക്കുന്നത് പോലെയായിരുന്നു ബട്ട്‌ലറുടെ ഇന്നിംഗ്‌സ്. വാലറ്റക്കാരനെന്നുകണ്ട് ആവേശ് ഖാനെ അദ്ദേഹം സ്‌ട്രൈക്കില്‍ എത്താതെ ശ്രദ്ധിച്ചു നിര്‍ത്തി. ആദ്യ പന്തുകളില്‍ ബൗണ്ടറികള്‍ പായിച്ചും ഓവറിന്റെ അവസാന പന്തില്‍ സിംഗിള്‍ എടുത്തും തന്ത്രപൂര്‍വ്വം കളി വരുതിയിലാക്കി. മാക്‌സിമം ബോളുകള്‍ ഫെയ്‌സ് ചെയ്തു. ഒടുവില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി കളി ജയിപ്പിക്കുമ്പോള്‍ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞത് ഇങ്ങനെയാണ്. 'ബട്ട്‌ലര്‍ ഡിഡ് ഇറ്റ്'
അതെ ക്യാപ്റ്റനു വേണ്ടി, തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത് അദ്ദേഹം തന്റെ ടീമിനെ വിജയത്തിലേക്ക് എത്തിച്ചു. അറ്റാക്കിങ് ബ്രാന്‍ഡ് ഓഫ് ക്രിക്കറ്റ് ആണ് ഇപ്പോള്‍ രാജസ്ഥാന്‍ കളിച്ചു കൊണ്ടിരിക്കുന്നത്. അതുതന്നെയാണ് അവരുടെ വിജയമന്ത്രവും. ബോള്‍ട്ട് തുടങ്ങുന്ന ബോളിംഗ്, ബാറ്റിംഗിലേക്ക് വരുമ്പോള്‍ പരാഗും സഞ്ജുവും ഏറ്റെടുക്കുന്നു. ജയ്‌സ്വാള്‍ ഫോം ഔട്ട് ആണെങ്കിലും രാജസ്ഥാനെ അത് ബാധിക്കുന്നതേയില്ല. എതിര്‍ ടീം എത്രതന്നെ റണ്‍സ് എടുത്താലും തങ്ങള്‍ അത് മറികടക്കുമെന്ന കോണ്‍ഫിഡന്‍സ് ടീമംഗങ്ങള്‍ക്ക് ഇന്നുണ്ട്. സഞ്ജുവാണതിന് കാരണം. വളരെ മികച്ച രീതിയിലാണ് അദ്ദേഹം ടീമിനെ നയിക്കുന്നത്. ഇനി ഇത്തവണത്തെ ഐപിഎല്ലില്‍ കിരീടം രാജസ്ഥാന്‍ നേടിയാല്‍ തന്നെ നിരന്തരം അവഗണിക്കുന്ന സെലക്ടര്‍മാര്‍ക്കെതിരെയുള്ള സഞ്ജുവിന്റെ മധുരപ്രതികാരമായി മാറുമത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."