നിര്‍ഭയമായി രചനകള്‍ നടത്താന്‍ കഴിയാത്ത കാലമാണിത്: മന്ത്രി വി.എസ് സുനില്‍ കുമാര്‍
വെള്ളാങ്ങല്ലൂര്‍: നിര്‍ഭയമായി രചനകള്‍ നടത്താന്‍ കഴിയാത്ത ഒരു കാലമാണിതെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു. നഫീസത്ത് ബീവിയും അഹമ്മദ് മുഈനുദ്ദീനും ചേര്‍ന്ന് രചിച്ച 'നട്ടുച്ച നടക്കാനിറങ്ങുമ്പോള്‍'എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
കവിത എഴുതുമ്പോഴും കഥയെഴുതുമ്പോഴും സിനിമ സംവിധാനം ചെയ്യുമ്പോഴും അവരുടെ മതമേതാണെന്ന് കുത്തിച്ചാടിച്ച് പുറത്തുകൊണ്ടുവരുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മാത്രമല്ല അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ കടന്നാക്രമിക്കാനും മടി കാണിക്കുന്നില്ല. സാഹിത്യകാരന്‍മാരേയും സാമൂഹ്യ പ്രവര്‍ത്തകരേയും ഭയ വിഹ്വലരാക്കുക എന്നതാണ് ഫാസിസത്തിന്റെ ആദ്യ നടപടിക്രമം. ലോകത്തെല്ലായിടങ്ങളിലും ഫാസിസ്റ്റുകള്‍ ചെയ്തിട്ടുള്ളത് അങ്ങനെയാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ശക്തമായ കൂടിച്ചേരലുകള്‍ ആവശ്യമായ സന്ദര്‍ഭമാണിത്. എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും പൗരബോധമുള്ള മതവിശ്വാസികളും ഒരുമിച്ച് സാംസ്‌കാരികമായ ചെറുത്തു നില്‍പിന് തയാറാകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.എന്‍ ഗോപീകൃഷ്ണന്‍ പുസ്തകം സ്വീകരിച്ചു.
ചടങ്ങില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കായംകുളം മുഹമ്മദിന്റെ ഗ്രന്ഥശേഖരം വായനശാലക്കുവേണ്ടി മന്ത്രി ഏറ്റുവാങ്ങി. തരിശ്ശിട്ടിരുന്ന ഭൂമികളില്‍ ജൈവകൃഷി ചെയ്ത നല്ല വിളവെടുക്കുന്ന എം.എ ജമാലിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, ഷീബ ആമീര്‍, ഖാദര്‍ പട്ടേപ്പാടം, എം.കെ മോഹനന്‍, കെ.എച്ച് അബ്ദുല്‍ നാസര്‍, എ.കെ മജീദ്, പി.കെ മനാഫ് സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."