കാഴ്ചയിലേക്ക് കണ്ണുതുറക്കാതെ പ്രദര്‍ശന ബോര്‍ഡ്
കണ്ണൂര്‍: കലോത്സവ കാഴ്ചകളിലേക്ക് കണ്ണൂര്‍ കണ്ണുതുറക്കുമ്പോള്‍ നോക്കുകുത്തിയായി ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച പ്രദര്‍ശന ബോര്‍ഡ്. കലക്ടറേറ്റിന്റെ മൂക്കിനു താഴെയാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സ്ഥാപിച്ച കൂറ്റന്‍ ഇലക്ട്രോണിക് ബോര്‍ഡ് തുരുമ്പെടുക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ വകുപ്പ് സ്ഥാപിച്ച ബോര്‍ഡാണ് ഏറെക്കാലമായി പ്രവര്‍ത്തിക്കാതെ കിടക്കുന്നത്. കലോത്സ സമയത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കാനെങ്കിലും ഈ ബോര്‍ഡ് ഉപയോഗിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും പൊതുജനത്തിനു അത്യാവശ്യം അറിയേണ്ട വിവരങ്ങളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു തലവന്‍മാരുടെ പ്രസംഗങ്ങളുമാണ് കലക്ടറേറ്റിനു മുന്നിലെ കൂറ്റന്‍ ബോര്‍ഡിലൂടെ പ്രദര്‍ശിപ്പിച്ചിരുന്നത്.
24 മണിക്കൂറും പ്രവര്‍ത്തിപ്പിച്ചിരുന്ന ബോര്‍ഡ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടങ്ങളുടെ ഭാഗമായാണ് നിര്‍ത്തിവെച്ചത്. എന്നാല്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഈ ബോര്‍ഡ് പ്രവര്‍ത്തിപ്പിച്ചിട്ടേയില്ല. ഈ ബോര്‍ഡില്‍ കലോത്സവ അറിയിപ്പുകളും ഫലങ്ങളും തല്‍സമയം എത്തിക്കുന്നതിനു സംവിധാനമൊരുക്കിയാല്‍ മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നാട്ടുകാര്‍ക്കും ഏറെ ഉപകാരപ്രദമാകുമായിരുന്നു.
കലോത്സവത്തിന് കണ്ണൂരിലെത്തുന്നവര്‍ക്ക് സ്വാഗതമോതുന്നതിനു വേണ്ടിയെങ്കിലും ഈ ബോര്‍ഡ് പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."