അളവില്‍ ക്രമക്കേട്: ജില്ലയില്‍ രണ്ട് പെട്രോള്‍ പമ്പുകള്‍ പൂട്ടി
കാക്കനാട്: അളവില്‍ ക്രമക്കേട് കണ്ടെത്തിയ ജില്ലയിലെ രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് യൂണിറ്റുകള്‍ ലീഗല്‍ മെട്രോളജി അടച്ച് പൂട്ടി. മരട്, കാലടി പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പെട്രോള്‍ പമ്പുകളിലെ ആറ് മെഷീനുകളാണ് പൂട്ടിയത്. മരടിലെ പെടോള്‍ പമ്പില്‍ അഞ്ച് യൂണിറ്റുകളുള്ളതില്‍ നാലെണ്ണത്തിലും കാലടിയിലെ പമ്പിലെ രണ്ടെണത്തിലും അളവില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. അര്‍ധരാത്രിക്ക് ശേഷം പെട്രോള്‍ പമ്പുകളിലെ മീറ്ററുകളില്‍ കൃത്രിമം കാട്ടി വെട്ടിപ്പ് നടത്തുന്നുവെന്ന് നിരവധി പരാതികള്‍ ലീഗല്‍ മെട്രോളജി വകുപ്പിന് ലഭിച്ചിരുന്നു. പെട്രോളിന്റെ വില സൂചിപ്പിക്കുന്ന മീറ്ററുകളിലും അളവിലും കൃത്രിമം നടത്തിയായിരുന്നു ഇത്. ഇതേ തുടര്‍ന്നാണ് മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ രാം മോഹന്റെ നേതൃത്വത്തില്‍ മൂന്ന് സ്‌ക്വാഡുകല്‍ രൂപീകരിച്ച് അര്‍ധരാത്രിക്ക് ശേഷം ജില്ലയിലെ പമ്പുകളില്‍ റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാത്രി പതിനൊന്ന് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ മൂന്ന് സ്‌ക്വാഡുകള്‍ ജില്ലയിലെ 18 പമ്പുകളില്‍ പരിശോധന നടത്തി. രാത്രികാല തുടര്‍പരിശോധന കര്‍ഷനമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
മെഷീനുകളില്‍ സ്വാഭാവിക തകരാറുകളുണ്ടെങ്കില്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ അറിയിച്ച് പരിഹരിക്കേണ്ടത് പമ്പുടമകളുടെ ചുമതലയാണ്. 50 മുതല്‍ 100 മില്ലീലിറ്റര്‍ വരെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അഞ്ച് ലിറ്ററില്‍ പരമാവധി 25 മില്ലീലിറ്റര്‍ വരെ കുറവ് അനുവദനീയമാണ്. എന്നാല്‍ ചില പമ്പുകളില്‍ 100 മില്ലീലിറ്റര്‍ വരെ കുറവ് കണ്ടെത്തി. പൂട്ടിയ യൂണിറ്റുകള്‍ പമ്പുടമകള്‍ ശരിയായ വിധം പ്രവര്‍ത്തിച്ച് കാണിച്ചാല്‍ മാത്രമേ ഇനി ഇവ പമ്പുകളില്‍ ഉപയോഗിക്കാനാവൂ. ഓരോ യൂണിറ്റിനും ഏകദേശം 2500 രൂപ വരെ ഫീലടച്ചാല്‍ മാത്രമാണ് ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ പരിശോധിക്കുകയുള്ളൂ.
അളവില്‍ വ്യത്യാസം കണ്ടെത്തിയാല്‍ വീണ്ടും ഫീസ് അടച്ച് പരിശോധന നടത്തണമെന്നാണ് അളവ് തൂക്ക നിയമം അനുശാസിക്കുന്നത്. മെഷീനുകളില്‍ സീലുകളില്‍ കൃത്രിമം പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ മെഷീനുകളിലെ സ്വാഭാവിക തകരാറാണ് ഇന്ധന അളവില്‍ വ്യത്യാസം വരാന്‍ ഇടയാക്കിയതെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. എന്നാല്‍ ഇലക്‌ട്രോണിക് മെഷീനുകളില്‍ സ്വാഭാവികമായി സംഭവിക്കാവുന്ന തകരാറുകള്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ രേഖാമൂലം അറിയിച്ച് പരിഹരിക്കാതെ ഇന്ധന വില്‍പന നടത്തിയ പമ്പുകളാണ് പരിശോധനയില്‍ കുടുങ്ങിയത്.
ഇന്ധനത്തില്‍ കുറവു വരുന്നുണ്ടോ എന്ന് അതത് പമ്പുടമകള്‍ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് വില്‍പന നടത്തുകയായിരുന്നു. അസി.കട്രോളര്‍മാരായ ജയകുമാര്‍,അനൂപ്, ജീസണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന് സ്‌ക്വാഡുകളാണ് മരട്,കുണ്ടന്നൂര്‍, എറണാകുളം ടൗണ്‍, കാക്കനാട്, ഇരുമ്പനം, തൃപ്പൂണിത്തുറ, ആലുവ, അങ്കമാലി, നെടുമ്പാശ്ശേരി, കാലട എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."