ട്രംപിനെതിരേ യു.എസില്‍ വീണ്ടും ജനകീയ പ്രക്ഷോഭം
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സ്ഥാനമേല്‍ക്കാന്‍ നാലു നാള്‍ മാത്രം ശേഷിക്കെ ട്രംപിനെതിരേ യു.എസില്‍ വീണ്ടും പ്രതിഷേധം. 2000ത്തിലേറെ പേരാണ് ട്രംപിനെതിരേ മുദ്രാവാക്യവുമായി തെരുവിലിറങ്ങിയത്. ട്രംപിന്റെ വംശീയവിദ്വേഷത്തിനും എമിഗ്രേഷന്‍ നയത്തിനും എതിരേയാണ് വന്‍ പ്രക്ഷോഭം.
എകാധിപതിയായ പ്രസിഡന്റായി വാഴാമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കരുതുന്നതെങ്കില്‍ തിരിച്ചടിക്കുമെന്ന് റവ.അല്‍ ഷാര്‍പ്ടന്റെ നേതൃത്വത്തില്‍ അണി നിരന്ന പ്രക്ഷോഭകര്‍ പറഞ്ഞു. സമത്വവും നീതിയും അട്ടിമറിക്കുന്ന ട്രംപിന്റെ നിലപാടുകളെ ചോദ്യം ചെയ്താണ് കൊടും തണുപ്പിനെ അവഗണിച്ച് സ്ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങിയത്. യു.എസിലെ പ്രമുഖ പൗരാവകാശ പ്രവര്‍ത്തകനും വര്‍ണ വിവേചനത്തിനെതിരായ വാഷിങ്ടണ്‍ മാര്‍ച്ചില്‍ മാര്‍ടിന്‍ ലൂഥര്‍ കിങ്ങിനൊപ്പം പങ്കെടുത്തതുമായ ജോണ്‍ ലുയിസിനെ അപമാനിച്ച് ട്രംപ് നടത്തിയ വിവാദ പ്രസ്താവനയാണ് പ്രതിഷേധ പ്രകടനത്തിലേക്ക് നയിച്ചത്. യു.എസിലെ പൗരാവകാശ പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നു.
ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്ന ദിവസം വരെ തെരുവില്‍ തുടരുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. യു.എസ് കാപിറ്റോളില്‍ നിന്നു മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള നാഷനല്‍ മാളിനു സമീപത്താണ് പ്രക്ഷോഭകര്‍ തമ്പടിച്ചിട്ടുള്ളത്.
ട്രംപിന്റെ വിവാദ നിലപാടുകള്‍ ഒരോന്നും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായ ട്രംപിന്റെ വിവാദ നയമാണ് പ്രധാനമുദ്രാവാക്യം. ജനങ്ങള്‍ക്ക് സഹായകമായ ഒബാമ കെയര്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനവും ജനങ്ങള്‍ എതിര്‍ക്കുന്നു.
യു.എസില്‍ പൊലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ആഫ്രോ-അമേരിക്കകാരുടെ ബന്ധുക്കളും, ഹിസ്പാനിക്ക് വിഭാഗക്കാരും, എല്‍.ജി.ബി.ടി കമ്മ്യൂനിറ്റിയില്‍ പെടുന്നവരും പ്രകടനത്തില്‍ പങ്കെടുത്തു. വംശീയവെറി പടര്‍ത്തുന്ന ട്രംപിന്റെ നിലപാടിനെതിരേ ആര്‍ജവത്തോടെ പോരാടാനുള്ള നട്ടെല്ല് ഡെമോക്രാറ്റുകള്‍ കാണിക്കണമെന്ന് പ്രതിഷേധത്തിനു നേത്യത്വം നല്‍കിയ റവറന്റ് അല്‍ ഷാര്‍പ്ടന്‍ പറഞ്ഞു. നൂറ്റാണ്ടുകളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യവും സംസ്‌കാരവും അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."