എല്ലാം കാമറക്കണ്ണില്‍
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിവിധ മത്സരങ്ങള്‍ നടക്കുന്ന 20 വേദികളും സദസും പൂര്‍ണമായും കാമറകളുടെ നിരീക്ഷണത്തില്‍. മത്സരം നടക്കുന്ന ഒരു വേദിയില്‍ അഞ്ചു കാമറകളാണു മിഴി തുറക്കുക. ഇവയെല്ലാം പയ്യാമ്പലത്തെ പൊലിസ് കണ്‍ട്രോള്‍ റൂമിലിരുന്നു നിരീക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലാണു സജ്ജീകരണം. വേദിയില്‍ നടക്കുന്ന മത്സരവും സദസും പൂര്‍ണമായി ചിത്രീകരിക്കാന്‍ കഴിയുന്ന നിലയിലാണു കാമറകള്‍ സ്ഥാപിച്ചത്.
കാമറകളില്‍ പതിയുന്ന ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുമെന്നും പൊലിസ് അറിയിച്ചു. വേദികളില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ നടപടി സ്വീകരിക്കാനും തത്സമയം ഇടപെടാനുമാണു വിപുലമായ കാമറ സംവിധാനം ഒരുക്കിയത്.
കലോത്സവം പ്രശ്‌നങ്ങളില്ലാതെ നടത്താനുള്ള സുരക്ഷയുടെ ഭാഗമായാണു കാമറകള്‍ വേദികളില്‍ സ്ഥാപിച്ചത്. നഗരത്തിലെ മറ്റു കാമറകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം തന്നെ കണ്‍ട്രോള്‍റൂമില്‍ നിന്നും ഈ കാമറകളിലെ ദൃശ്യങ്ങളും നിരീക്ഷിക്കും. കണ്ണൂര്‍ നഗരത്തിലെ ക്രമസമാധാനപാലനത്തിനും ഗതാഗതം നിയന്ത്രിക്കുന്നതിനുമായി 1000ത്തോളം പൊലിസുകാരെ വിന്യസിക്കും. നഗരത്തിലെയും പരിസരത്തെയും ലോഡ്ജുകളിലും ഫഌറ്റുകളിലും താമസിക്കാനെത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ പൊലിസിനു കൈമാറണമെന്നു താമസ സ്ഥലങ്ങളുടെ ഉടമകളുടെ യോഗത്തില്‍ പൊലിസ് അറിയിച്ചു.
മത്സരാര്‍ഥികളാണെന്നു പറഞ്ഞ് വീടുകളില്‍ താമസിക്കാനെത്തുന്നവരുടെ വിവരങ്ങള്‍ പൊലിസിനെ അറിയിക്കണമെന്നും പൊലിസ് ആവശ്യപ്പെട്ടു. തിരിച്ചറിയല്‍ രേഖകളില്ലാത്തവരെയും അപരിചിതരെയും ഒരു കാരണവശാലും വീടുകളിലും ലോഡ്ജ് അടക്കമുള്ള സ്ഥലങ്ങളിലും താമസിപ്പിക്കരുതെന്നു പൊലിസ് വ്യക്തമാക്കി.
കലോത്സവ വേദികളില്‍ ക്രമസമാധാനപാലനത്തില്‍ പൊലിസിനെ സഹായിക്കാന്‍ 400ഓളം വിദ്യാര്‍ഥികളെ ഓരോദിവസവും നിയോഗിക്കും.
എന്‍.സി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലിസ്, റെഡ്‌ക്രോസ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെയാണു പരിശീലിപ്പിച്ച് ഇതിനായി പ്രാപ്തരാക്കിയത്. 125 സ്റ്റുഡന്റ്‌സ് കാഡറ്റുകളെ രഹസ്യനിരീക്ഷണത്തിനായി പൊലിസ് സഹായത്തോടെ പരിശീലിപ്പിച്ച് വേദികളുടെ നിരീക്ഷണത്തിനായി സജ്ജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."