ഇടുക്കി വനമേഖലയില്‍ നിന്നും ലക്ഷങ്ങളുടെ തടി വെട്ടിക്കടത്തുന്നു
കട്ടപ്പന: ഇടുക്കി വനമേഖലയുടെ ഭാഗമായ അയ്യപ്പന്‍കോവില്‍ കാക്കത്തോട് ഫോറസ്റ്റ് ഔട്ട് പോസ്റ്റ് പരിധിയില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തടി വെട്ടിക്കടത്തുന്നു. തേക്കിന്‍ കൂപ്പില്‍ നിന്നിരുന്ന വേങ്ങ, വെണ്‍തേക്ക്, നീര്‍വേങ്ങ,ചോരക്കാലി, വട്ട, ഇലവ് തുടങ്ങിയ പര്‍കൂപ്പില്‍ നില്‍ക്കുന്ന മരങ്ങളാണ് വെട്ടിക്കടത്തുന്നത്.
കൂപ്പിലെ തേക്കിന്‍ തടികള്‍ വെട്ടിമാറ്റിയ ശേഷം മറ്റ് മരങ്ങള്‍ ഇ ടെണ്ടര്‍ ചെയ്തു വേണം വെട്ടാന്‍. ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കി ടെണ്ടറില്‍നിന്ന് കിട്ടുന്ന പണം സര്‍ക്കാരില്‍ അടക്കണം. എന്നാല്‍ ഒരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ് അയ്യപ്പന്‍കോവില്‍ റെയ്ഞ്ച് ഓഫീസര്‍ പ്രാദേശിക കരാറുകാരുമായി ചേര്‍ന്ന് ഇവിടെ നിന്നും മരങ്ങള്‍ വെട്ടിക്കടത്തുന്നത്. ഇതിനിടെ തടി കയറ്റാന്‍ ലോറി വന്നപ്പോള്‍ കരാറുകാര്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസം സംഘര്‍ഷത്തിലെത്തുകയും നാട്ടുകാര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇങ്ങനെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ 20 മുതല്‍ മുതല്‍ രണ്ട് ലോറികളിലായി നിരവധി ലോഡ് തടികളാണ് ഇവിടെനിന്നും കടത്തിയത്. തടി ലോഡുകള്‍ പോകുമ്പോള്‍ നിയമപ്രകാരം ലേലം ചെയ്തശേഷമാണ് കടത്തുന്നതെന്നായിരുന്നു നാട്ടുകാര്‍ വിശ്വസിച്ചിരുന്നത്. ഫോറസ്റ്റ് ശേഷന് സമീപം തടികള്‍ ശേഖരിച്ച് കട്‌സ് ആക്കികൊണ്ട് പോയതിനാല്‍ ആര്‍ക്കും യാതൊരുസംശയത്തിനും ഇടനല്‍കിയില്ല.
തേക്കും കൂപ്പിലെ തടി ലോഡ് ചെയ്യുന്നതിനാല്‍ എല്ലാദിവസവും റേഞ്ച് ഓഫീസര്‍ സ്ഥലത്ത് വന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ പരാതിയില്‍ കട്ടപ്പനയില്‍ നിന്നും ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
കൂപ്പില്‍ നിന്നും പിക്കപ് വാനിലാണ് തടി കാക്കത്തോട് ജംഗ്ഷനിലെത്തിക്കുന്നത്. തുടര്‍ന്ന് കട്‌സാക്കി രണ്ട് ലോറികളിലായാണ് കടത്തുന്നത്. മരം വെട്ടിയതില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേട് നടന്നതായി ഫ്‌ളൈയിംഗ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫീസര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കൂപ്പ് വെട്ടുന്നതിന്റ മറവില്‍ ലേല കണക്കില്‍പെടാത്തതും സമീപവനത്തില്‍നിന്നും തേക്ക് മരങ്ങള്‍ വെട്ടിക്കടത്തിയതായും ആരോപണമുണ്ട്. ഇതിന് മമ്പുംവനപാലകരുടെ ഒത്താശയോടെ ഇവിടെനിന്നും മരങ്ങള്‍ വെട്ടിക്കടത്തിയിട്ടുണ്ടന്നും സൂചനയുണ്ട്. കൂപ്പ് വെട്ടുന്നതിന്റ മറവില്‍ ലക്ഷക്കണക്കിന് രൂപയുടെ മരങ്ങളാണ് വെട്ടിക്കടത്തിയത്. ഇതിലൂടെ സര്‍ക്കാരിന് ലക്ഷങ്ങള്‍ നഷ്ടമാവുകയും ചയ്തു. ഇതിന് കൂട്ടുനിന്ന റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉപ്പുതറയിലെ ജനകീയം പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."