യുെനസ്‌കോയുടെ ലോകപൈതൃക പട്ടിക: ചുവപ്പുനാടയില്‍ കുരുങ്ങി എടക്കല്‍ ഗുഹ
അമ്പലവയല്‍: ചരിത്രാതീത കാലഘട്ടത്തെക്കുറിച്ച് സംവദിക്കുന്ന ലോകത്തെ അപൂര്‍വമായ ശിലാലിഖിതങ്ങളായ എടക്കല്‍ ഗുഹാ ചിത്രങ്ങളും ലിഖിതങ്ങളും യുെനസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടംപിടിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ചുവപ്പ് നാടയില്‍ കുരുങ്ങിക്കിടക്കുന്നു.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലായം ഇതിനുവേണ്ട ഫണ്ട് അനുവദിക്കാനും മറ്റും തയാറായിട്ടും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ അനാസ്ഥയാണ് ലോകപൈതൃക പട്ടികയിലെ ഇടം എടക്കല്‍ ഗുഹചിത്രങ്ങള്‍ക്ക് ഇന്നും അന്യമാകാന്‍ കാരണം.
ഇതേ അവസ്ഥയാണ് പത്മനാഭപുരം കൊട്ടാരത്തിന്റെതും. 500 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ കൊട്ടാരവും എടക്കല്‍ ഗുഹയും യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ സ്ഥാനം നേടുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 2013ല്‍ സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപയും പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു ഓഫിസറേയും നിയമിച്ചിരുന്നു.
ഇതിനു പുറമെ 2014 ഏപ്രില്‍ മാസത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലത്തിന്റെ ഉപദേശക സമിതി പദ്മനാഭപുരം കൊട്ടാരത്തിന്റെ നിര്‍മിതിയിലും ചുമര്‍ ചിത്രങ്ങളിലുമുള്ള പ്രാധാന്യം മനസിലാക്കി ഇത് ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചെങ്കിലും ഇതിന്റെ നടപടികള്‍ ചെയ്യാന്‍ സംസ്ഥാന പുരാവസ്തു വകുപ്പ് വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും ചെറുവിരല്‍ അനക്കിയിട്ടില്ല.
കൊട്ടാരത്തിന്റെ പേര് പൈതൃക പട്ടികയിലേക്ക് നിര്‍ദേശിക്കപെട്ട സമയത്ത് അടുത്ത ലിസ്റ്റില്‍ എടക്കല്‍ ഗുഹയുടെ പേര് നിര്‍ദേശിക്കുമെന്ന് കേന്ദ്ര ഉപദേശക സമിതി ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക പൈതൃക പട്ടികയില്‍ പെടുത്തുന്നതിന് യുനെസ്‌കോ പറയുന്ന കാര്യങ്ങളും സംരക്ഷണമടക്കമുള്ള കാര്യങ്ങള്‍ക്കും ഒന്നും തന്നെ സംസ്ഥാന പുരാവസ്തു വകുപ്പ് ഇതുവരെ ചെയ്തിട്ടില്ല. ഇതിനിടെ ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നതിനായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥയുടെ ചുമതലയുടെ കാലാവധി കഴിഞ്ഞ ഏപ്രിലില്‍ കഴിഞ്ഞു.
അതേസമയം കൊട്ടാരത്തിന്റെ പ്രാഥമിക രേഖകള്‍ എടുക്കാന്‍ അധികൃതര്‍ തയാറായെങ്കിലും എടക്കല്‍ ഗുഹയുമായി ബന്ധപ്പെട്ട് ഒന്നുംതന്നെ ചെയ്യാന്‍ സംസ്ഥാന പുരാവസ്തു വകുപ്പ് തയാറാവാത്തതാണ് യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലെ സ്ഥാനമെന്നത് എടക്കല്‍ ഗുഹയ്ക്ക് ഇന്നും അന്യമാക്കുന്നത്. ഈ സാഹചര്യത്തില്‍ എടക്കല്‍ ഗുഹയും പത്മനാഭപുരം കൊട്ടാരവും കേന്ദ്രപുരാവസ്തു വകുപ്പ് എറ്റെടുത്ത് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ചരിത്രകാരന്മാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."