ഇന്നും ആ തണലില്‍...
സയ്യിദ് അബ്ദുറഹ്്മാന്‍ ബാഫഖി തങ്ങളുടെ ആദ്യഭാര്യയുടെ ഇളയമകനെന്ന നിലയ്ക്ക് എന്റെ ഓര്‍മ ഞാന്‍ പങ്കുവയ്ക്കുകയാണ്. വല്യുപ്പ സയ്യിദ് അബ്ദുല്‍ ഖാദര്‍ ബാഫഖി യമനില്‍നിന്നു ദീനീപ്രചാരണവും മരക്കച്ചവടവുമായി പായ്ക്കപ്പലില്‍ കോഴിക്കോട് അടുത്ത് കൊയിലാണ്ടിയിലെത്തി. അവിടെ വീട് എടുത്തു, അതിന്റെ പേര് വലിയകത്ത് ബംഗ്ലാവ്. ഇവിടെവച്ച് വല്യുപ്പയുടെ കൂടെ കച്ചവടത്തില്‍ പ്രധാനപങ്കുവഹിച്ചത് ബാപ്പ തന്നെയായിരുന്നു. വല്യുപ്പയുടെ മരണശേഷം ബാപ്പ ശരിക്കും കച്ചവടക്കാരനായി. കോഴിക്കോട് വലിയങ്ങാടിയിലും കൊപ്രബസാറിലും വടകരയിലും ബര്‍മയിലും കച്ചവടം നടത്തിപ്പോന്നു.
സമസ്തയിലും മുസ്‌ലിംലീഗിലും സ്ഥാനങ്ങള്‍ ഏറ്റെടുത്തപ്പോള്‍ സ്വന്തം മക്കളെയും കുടുംബത്തെയും സമുദായത്തെയും ഒരേപോലെയാണു കണ്ടത്. ഇതരസമുദായക്കാര്‍ക്കും സ്‌നേഹപരിലാളന നല്‍കി. വീട് കൊയിലാണ്ടിയിലാണെങ്കിലും ആസ്ഥാനം കോഴിക്കോടാണ്. കച്ചവടം ശരിക്കും ശ്രദ്ധിക്കും. അതുകൊണ്ടാണു മക്കളെയെല്ലാം കോഴിക്കോടും വടകരയിലുമായിട്ടു പഠിപ്പിച്ചത്.
ലീഗിന്റെ സ്ഥാപകനേതാവ് മര്‍ഹും ഖായിദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബ് മദിരാശിയില്‍ നിന്നു വന്നാല്‍ വലിയങ്ങാടിയിലെ ബാഫഖി മാളികയില്‍ ബാപ്പയുടെ മുറി ഒഴിഞ്ഞു കൊടുക്കും. ബഹളമുണ്ടാക്കാതെ ശ്രദ്ധിക്കും. അലക്കാനുള്ളതിന് ആളെ ഏല്‍പ്പിക്കും. ഇസ്മാഈല്‍ സാഹിബ് വസ്ത്രങ്ങള്‍ കൊടുക്കാന്‍ മടിക്കും. അദ്ദേഹം സ്വന്തംതന്നെ ചെയ്യാമെന്നു പറയും.
ലീഗിന്റെ യോഗങ്ങള്‍ ഇവിടെവച്ചാണു നടക്കുക. ഇസ്മാഈല്‍ സാഹിബിന്റെയും ബാപ്പയുടെയും നേതൃത്വത്തില്‍ യോഗം നടക്കും. മറ്റു നേതാക്കന്മാരായ സീതി സാഹിബ്, പൂക്കോയ തങ്ങള്‍, സി.എച്ച്, എം.കെ ഹാജി, മുന്‍ മന്ത്രി അഹമ്മദ് കുരിക്കള്‍, പി.വി അബ്ദുല്ലക്കോയ, സുലൈമാന്‍ സേട്ട്, ഒ.കെ മുഹമ്മദ് കുഞ്ഞി, ഹമീദലി ഷംനാദ്, കല്ലാട് അബ്ദുല്‍ ഖാദര്‍ ഹാജി എന്നിങ്ങനെ പ്രഗല്ഭ നേതാക്കള്‍ ഉണ്ടാകും. ഞങ്ങള്‍ സ്‌കൂളില്‍ നിന്ന് വന്നാല്‍ നേതാക്കന്മാര്‍ അരികെ വിളിച്ച് പഠിച്ചതെല്ലാം ചോദിക്കും. മാസത്തില്‍ ഒരിക്കലാണ് ബാപ്പയുടെ കൂടെ കൊയിലാണ്ടിയില്‍ പോവുക. ബാപ്പയുടെ കൂടെ അധികവും സി.എച്ച് ഉണ്ടാകുമായിരുന്നു. എനിക്കദ്ദേഹം ജ്യേഷ്ഠനെപ്പോലെയും. രാഷ്ട്രീയ തീരുമാനങ്ങള്‍ സി.എച്ചിനോടാണ് പറയുക. സയ്യിദ് ഉമര്‍ ബാഫഖി ബാപ്പയുടെ പെങ്ങളുടെ മകന്‍ എന്ന നിലയ്ക്ക് എവിടെയും കൂടെ കാണും. മൂത്ത മകളെ അദ്ദേഹമാണ് വിവാഹം കഴിച്ചത്. കുടുംബ കാര്യത്തില്‍ മക്കള്‍ക്ക് എന്തു വേണമെങ്കിലും സയ്യിദ് ഉമര്‍ ബാഫഖിയോട് ആദ്യം പറയണം. എന്നാല്‍, മാത്രമേ ബാപ്പ അംഗീകരിക്കുകയുള്ളൂ. കുടുംബത്തിലുള്ളവരെ രാഷ്ട്രീയത്തിലെടുക്കുന്നത് ബാപ്പയ്ക്കിഷ്ടമല്ല. സയ്യിദ് ഉമര്‍ ബാഫഖിയെ ബാപ്പയുടെ കൂടെയുള്ള മറ്റു നേതാക്കന്മാര്‍ പറഞ്ഞത് കൊണ്ടാണ് രാഷ്ട്രീയത്തിലിറക്കിയത്. ലീഗിന്റെ എല്ലാ തീരുമാനവും കൊയിലാണ്ടിയിലെ വീടായ വലിയകത്ത് ബംഗ്ലാവില്‍ വച്ചോ പുതിയ മാളിയേക്കല്‍ വച്ചോ പുതിയങ്ങാടിയിലെ വീട്ടില്‍ വച്ചോ ഉണ്ടാകും.
അല്ലെങ്കില്‍ വലിയങ്ങാടിയിലെ ബാഫഖി മാളികയില്‍ വച്ച്. നോമ്പിന് സ്‌കൂള്‍ പൂട്ടിയാല്‍ ഒരു മാസം കൊയിലാണ്ടിയിലുണ്ടാവും. അപ്പോള്‍ ഇസ്മാഈല്‍ സാഹിബ് വന്നാല്‍ കൊയിലാണ്ടിയിലേക്ക് നോമ്പ് തുറക്കാന്‍ ക്ഷണിക്കും. വൈകുന്നേരം പീടിക പൂട്ടി ബാപ്പയുടെ കാറില്‍ ഇസ്മാഈല്‍ സാഹിബും ബാപ്പയും പിന്‍ സീറ്റിലിരിക്കും. സി.എച്ച് മുഹമ്മദ് കോയ മുന്നിലുണ്ടാവും. ജ്യേഷ്ഠന്‍ മര്‍ഹും മുഹമ്മദ് ബാഫഖിയാണ് കാറോട്ടുക. നോമ്പ് തുറക്കാന്‍ എല്ലാ ദിവസവും കുടുംബങ്ങളും സാദാത്തീങ്ങളും പണ്ഡിതന്മാരും കച്ചവടക്കാരും രാഷ്ട്രീയക്കാരും മറ്റു നേതാക്കന്മാരും ഉണ്ടാകും. നോമ്പുതുറയ്ക്ക് വലിയ ആള്‍ക്കൂട്ടം പതിവാണ്. പാണക്കാട് നിന്ന് പി.എം.എസ്.എ പൂക്കോയ തങ്ങളും മുഹമ്മദലി ശിഹാബ് തങ്ങളും നേരെത്തെ എത്തും. ശംസുല്‍ ഉലമാ, കണ്ണിയത്ത് ഉസ്താദ്, കോട്ടുമല ഉസ്താദ് തുടങ്ങിയവരും ഉണ്ടാവും. ആദ്യത്തെ പത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും, രണ്ടാമത്തെ പത്തില്‍ കച്ചവടക്കാരും രാഷ്ട്രീയക്കാരും,
മൂന്നാമത്തെ പത്തില്‍ എല്ലാവരും. ബാപ്പ നോമ്പ് തുറക്കല്‍ കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍ വച്ചായിരുക്കും. മഗ്‌രിബ് നിസ്‌കാരം കഴിഞ്ഞാണ് വീട്ടില്‍ വരിക. വലിയ നോമ്പുതുറ കഴിഞ്ഞ് എല്ലാവരും പള്ളിയില്‍ തറാവീഹിന് എത്തും.
ഇശാ നിസ്‌കാരത്തിന് ബാപ്പ തന്നെയാണ് ഇമാം. തറാവീഹിന് ഉമര്‍ ബാഫഖിയുടെ അനുജന്‍ അബൂബക്കര്‍ ബാഫഖിയും മക്കളായ അബ്ദുല്‍ ഖാദര്‍ ബാഫഖിയും ഉസൈന്‍ ബാഫഖിയും മാറിമാറി ഇമാം നില്‍ക്കും. രണ്ട് ജ്യേഷ്ഠന്മാരെ മക്കയിലയച്ച് ഖുര്‍ആന്‍ പഠിപ്പിച്ചതാണ്. ചെലവിനുള്ള തുക ഇവിടുന്നയച്ചു കൊടുക്കും. മക്കളോടും ദീനികാര്യം കര്‍ശനമായിപ്പറയും.
പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിക്കാന്‍ പട്ടിക്കാട് ബാപ്പുഹാജിയാണ് സ്ഥലം കൊടുത്തത്. ബാപ്പ പൂക്കോയ തങ്ങളെയും കൂട്ടി സജീവമായി മുന്നിലിറങ്ങി. അതിന്റെ പിരിവിന് ബാപ്പയും പൂക്കോയ തങ്ങളും മലേഷ്യയില്‍ പോയി. അവിടത്തെ പ്രസിഡന്റ് തുങ്ക് അബ്ദുറഹ്മാന്‍ ബാപ്പയെയും പൂക്കോയ തങ്ങളെയും ഹൃദ്യമായി സ്വീകരിച്ചു. അവിടെയും ബാപ്പ സമസ്തയുടെ സ്ഥാപനം മുന്‍കൈ എടുത്ത് സ്ഥാപിച്ചു
.
ജാമിഅക്കു കീഴില്‍ സുന്നികള്‍ക്ക് ഒരു ബോഡിങ് ആവശ്യപ്പെട്ടു. അതുപ്രകാരം പെട്ടെന്ന് കുട്ടികളെ കിട്ടാന്‍ വേണ്ടി ഭാരവാഹികളുടെ മക്കളെ ചേര്‍ത്ത് തുടങ്ങി. അന്ന് അവിടെ സി.പി കുഞ്ഞഹമ്മദും, മര്‍ഹും കോട്ടുമല ബാപ്പു മുസ്‌ല്യാരും മഞ്ചേരി എം.എല്‍.എ. ഉമ്മറും ഉണ്ടായിരുന്നു.
സ്‌കൂള്‍ പൂട്ടി ഹോസ്റ്റലിലേക്ക് തിരിച്ച് കൊണ്ടു ചെന്നാക്കുമ്പോള്‍ ബാപ്പ പാണക്കാട് പോയി നാസ്ത കഴിച്ചിട്ടാണ് പുറപ്പെടുക. ബാപ്പയുടെ കൂടെ പൂക്കോയ തങ്ങളുമുണ്ടാവും. അവിടെ നിന്ന് ജാമിഅ നൂരിയ്യയിലേക്ക് പോകുമ്പോള്‍ ബാപ്പ പറയുന്നത് കേട്ടു. 'പൂക്കോയ, നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം. നമ്മുടെ സമുദായം പാവങ്ങളാണ്. ഞാന്‍ രോഗിയായിക്കഴിഞ്ഞു. എന്റെ സമയം പറയാന്‍ പറ്റൂല.' പട്ടിക്കാട്ടിലെ കാലാവസ്ഥ ഞങ്ങള്‍ക്ക് പിടിക്കാത്തത് കൊണ്ട് ഞങ്ങളെ ജെ.ഡി.റ്റിയിലേക്ക് മാറ്റി. അവിടെ ഹോസ്റ്റലില്‍ പി.കെ കുഞ്ഞാലിക്കുട്ടിയും ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.
ബാപ്പയുടെ മരണശേഷം സമസ്ത തീരുമാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും പാണക്കാട് കൊടപ്പനയ്ക്കലില്‍ വച്ചാണുണ്ടാവുക. എന്റെ കല്യാണം കഴിഞ്ഞിട്ടാണ് ബാപ്പ അവസാന ഹജ്ജിന് പോയത്. എന്നോടു പറയുകയുണ്ടായി, 'ഒരു വിഷമവും ആരോടും പറയരുത്. രണ്ട് റകഅത്ത് സുന്നത്ത് നിസ്‌കരിക്കുക, പടച്ചോനോട് പറയുക.'
പിന്നീട് ഞാന്‍ ഏറെ വിഷമിച്ചു. 1980ല്‍ സൗദിയിലേക്ക് പോകുമ്പോള്‍ സി.എച്ചിന്റെ വീട്ടില്‍ പോയി യാത്ര ചോദിച്ചു. സി.എച്ച് പറഞ്ഞു, 'ബാപ്പ പോയതാണ്. ഇനി ആരും നോക്കുമെന്ന് പ്രതീക്ഷിക്കണ്ട. എന്തെങ്കിലും ജോലി ചെയ്ത് ഉണ്ടാക്കിക്കോ.' സൗദിയില്‍ ജിദ്ദയിലെത്തി ജീവിതത്തില്‍ ചെയ്യാത്ത എല്ലാ പണിയും ചെയ്തു.
എനിക്കുള്ള സമാധാനം പരിശുദ്ധമായ രണ്ട് ഹറമാണ്. ബാപ്പയും അടുത്തുണ്ട്. 2005 ല്‍ തിരിച്ച് നാട്ടിലെത്തി ബാപ്പയെപ്പോലെ ഒരു കച്ചവടക്കാരനായി ബാപ്പയുടെ പേരില്‍ ട്രസ്റ്റുണ്ടാക്കി. വര്‍ഷംതോറും അനുസ്മരണത്തോടൊപ്പം പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായവും ഹാഫിളായ കുട്ടികള്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും കാഷ് അവാര്‍ഡും കൊടുക്കുന്നു. ഇന്നും ബാപ്പയുടെ തണലില്‍ ചെറിയനിലയിലുള്ള പൊതുപ്രവര്‍ത്തനവുമായി ട്രസ്റ്റ് മുമ്പോട്ടുപോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."