ബ്രാഞ്ച് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാന്‍ മടിച്ച് സി.പി.എം
കൊട്ടിയം: കണ്ണനല്ലൂര്‍ ഇടപ്പാംതോട്ടിലെ വയല്‍, പൊതുജനങ്ങള്‍ക്ക് ഒരു ആവശ്യവുമില്ലാത്ത വഴിയുടെ പേരിലാണ് സി.പി.എം കുന്നുപുറം ബ്രാഞ്ച് സെക്രട്ടറി നികത്തിയതെന്ന് ആരോപണം ശക്തമായി. ഇതു സംബന്ധിച്ച് കണ്ണനല്ലൂര്‍ ഏല സംരക്ഷണ സമിതിയുടെ പേരില്‍ കഴിഞ്ഞ ദിവസം കണ്ണനല്ലൂരും പരിസരങ്ങളിലും വ്യാപകമായി പോസ്റ്റര്‍ പതിച്ചു. അതിനിടെ ആരോപണ വിധേയനായ കുന്നുപുറം ബ്രാഞ്ച് സെക്രട്ടറി തഴുത്തല എല്‍.സി മുന്‍പാകെ വിശദീകരണം എഴുതി നല്‍കി. എന്നാല്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരേ എന്നു നടപടി വരുമെന്നു നിശ്ചയമില്ല. പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗം നടപടി വേണമെന്ന കടുത്ത നിലപാടിലാണ്.
അതിനിടെ സി.പി.എമ്മിലെ പഴയകാല വിഭാഗീയതയുടെ ഭാഗമായി പ്രശ്‌നത്തെ ഒതുക്കി തീര്‍ക്കാന്‍ പ്രാദേശികമായി ചില സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ആരോപണവിധേയന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായവരാണ് ഇതിന് പിന്നില്‍. ആരോപണവിധേയനായ ബ്രാഞ്ച് സെക്രട്ടറിയെ പ്രശ്‌നത്തില്‍നിന്ന് രക്ഷപെടുത്താന്‍ സംഘടിതമായി ചില കേന്ദ്രങ്ങള്‍ കഴിഞ്ഞ രണ്ടുദിവസമായി രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ആദ്യഘട്ടത്തില്‍ വയല്‍ മണ്ണിട്ട് നികത്തുന്നതിനെ പൂര്‍ണമായി എതിര്‍ത്തവരായിരുന്നു. 100 ഓളം പേര്‍ വഴിക്കായി ഒപ്പിട്ട, സ്ഥലവാസികളല്ലാത്തവരുടെ പേരില്‍ വഴിക്കായി തയാറാക്കിയ ഒരു നിവേദനവും വിശദീകരണക്കുറുപ്പിനൊപ്പം ബ്രാഞ്ച് സെക്രട്ടറി മേല്‍ഘടകത്തിന് നല്‍കിയിട്ടുണ്ടെന്നറിയുന്നു.
വഴിയുടെ പേരില്‍ കുറച്ചുഭാഗം രാത്രി നികത്തിയ ശേഷം പിന്നീട് മുഴുവന്‍ നികത്താനായിരുന്നു പദ്ധതിയെന്നാണ് നാട്ടുകാരുടെ ആരോപണം. ചില മുതലാളിമാരെയും വഴിയുമായോ പ്രസ്തുത സ്ഥലവുമായോ ബന്ധമില്ലാത്തവരെയും മുന്‍നിര്‍ത്തിയാണ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി എതിര്‍പ്പുണ്ടായിട്ടും വയല്‍ നികത്തലുമായി മുന്നോട്ടുപോയതത്രെ. വഴിയുടെ പേരിലാണെങ്കില്‍ പകല്‍സമയം മണ്ണിടാന്‍ എന്താണ് തടസമായിരുന്നതെന്നാണ് നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്ന ചോദ്യം. എന്നാല്‍ ഇതിനും കൃത്യമായി ഉത്തരം നല്‍കാന്‍ സി.പി.എമ്മിനോ ആരോപണവിധേയനോ കഴിഞ്ഞിട്ടില്ല.
നേരത്തെ സി.പി.എമ്മിന്റെ ഒരു ഏരിയാ കമ്മിറ്റിയംഗവും സി.പി.എമ്മിന്റെ തന്നെ ത്രിതല പഞ്ചായത്ത് സമിതിയിലെ ഒരംഗമായ നേതാവും കര്‍ഷകസംഘം ഏരിയാ കമ്മിറ്റിയിലെ ചിലരും സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിയെ കൈവിടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."